തിരുവനന്തപുരം : ആ ഫോട്ടോയെടുത്തപ്പോൾ ഇത്രവലിയ നന്മയാകുമെന്ന് കരുതിയില്ല. സന്തോഷം. വാർത്ത അറിഞ്ഞതുമുതൽ കുട്ടിയെ കിട്ടാൻ പ്രാർത്ഥിച്ചു. 13കാരി അസാം ബാലികയുടെ രക്ഷയ്ക്ക് നിമിത്തമായ ബബിത ജാസ്മിൻ കേരളകൗമുദിയോടു പറഞ്ഞു.
വീടുവിട്ടിറങ്ങിയ കുട്ടിക്കായി നാടാകെ തിരയവെ, ഐലന്റ് എക്‌സ്പ്രസിൽ കന്യാകുമാരി ഭാഗത്തേക്ക് പോകുന്ന ചിത്രം പൊലീസിന് കൈമാറിയത് ബബിതയാണ്.
ശക്തമായ കാറ്റിൽ ബുധനാഴ്ച പുലർച്ച മൂന്നോടെ വീട്ടിൽ കറണ്ടു പോയി. പെട്ടന്ന് ഉണർന്നു. കാലാവസ്ഥയറിയാൻ യൂ ട്യൂബിൽ വാർത്തകൾ നോക്കുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ചൊവ്വാഴ്ച ട്രെയിനിൽ നിന്നെടുത്ത ചിത്രം നോക്കി ഉറപ്പാക്കി. സ്ക്രീനിൽ കണ്ട കഴക്കൂട്ടം പൊലീസിന്റെ നമ്പരിൽ വിളിച്ച് വിവരം കൈമാറി. ഫോട്ടോയും അയച്ചു.
കരഞ്ഞു വിഷമിച്ചിരിക്കുന്ന കുട്ടിയെ കണ്ടപ്പോൾ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണ്. സംസാരിക്കാൻ ശ്രമിച്ചില്ല. ഫോട്ടോ എടുത്തത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. മുഖം തിരിച്ചുകളഞ്ഞു. ബന്ധുക്കൾ അടുത്ത കംപാർട്ട്‌മെന്റിൽ ഉണ്ടാകുമെന്നാണ് കരുതിയത്. കൈയിൽ പത്തിന്റെ രണ്ടു മൂന്ന് നോട്ടുകൾ ചുരുട്ടിപ്പിടിച്ചിരുന്നു- ബബിത സംഭവം വിവരിച്ചു.
പൊലീസിന്റെ നന്ദി,
അഭിനന്ദനം, സമ്മാനം
ജനറൽ ആശുപത്രിക്ക് സമീപത്തെ ട്രാൻസോഴ്സ് സൊല്യൂഷൻസിൽ മെഡിക്കൽ കോഡിംഗ് പഠിക്കുകയാണ് ബബിത. ചൊവ്വാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കുട്ടിയെ കണ്ടത്. നന്ദിയറിയിച്ച് ഇന്നലെ രാവിലെ കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണറുടെ സന്ദേശമെത്തി. എ.എ. റഹീം എം.പി ഫോണിൽ അഭിനന്ദിച്ചു. പഠിക്കുന്ന സ്ഥാപനം പുസ്തതങ്ങളുൾപ്പെടെ സമ്മാനം നൽകി. നെയ്യാറ്റികര വട്ടവിള കുഴിച്ചാണിയിൽ വത്സലത്തിന്റെയും സുജ ജാസ്മിന്റെയും ഇളയമകളാണ്. ഓൾസെയിന്റ്സ് കോളേജിൽ നിന്ന് ഡിഗ്രി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |