മഞ്ജു വാര്യർ ഫീൽഡ് ഔട്ട് ആയി എന്ന് പറയുന്നവരോട് മഹാകഷ്‌ടം എന്ന് മാത്രമേ പറയാനുള്ളൂവെന്ന് സിനിമാ നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമാലോകത്തെ സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന WCC എന്ന സംഘടനയോടും അതിലെ ആദരണീയരായ കലാകാരികളോടുമുള്ള ബഹുമാനം നിലനിർത്തികൊണ്ട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതായും ഫേസ്ബുക്ക് കുറിപ്പിൽ ജോളി ജോസഫ് എഴുതുന്നു.
ജോളി ജോസഫിന്റെ വാക്കുകൾ-
ബഹു ജസ്റ്റിസ് ഹേമ കമ്മറ്റിയുടെ ഒരുപാട് കണ്ടെത്തെലുകളിൽ ഒരു പ്രമുഖ നടി കൂടുതൽ അവസരങ്ങൾ ലഭിക്കാനായി അവർ കൂടി സ്ഥാപകയായ WCC യിൽ നിന്നും വിട്ടുപോയെന്നും മലയാള സിനിമാ ലോകത്ത് സ്ത്രീകൾക്ക് ചൂഷണം നടക്കുന്നില്ല എന്ന് മൊഴി നൽകുകയും ചെയ്തിട്ടുണ്ടെന്ന് എല്ലാത്തരം മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു . പ്രമുഖയായ നടി മഞ്ജു വാര്യർ തന്നെയെന്ന് മാദ്ധ്യമങ്ങൾ സ്വയമേ കണ്ടെത്തുകയും സോഷ്യൽ മീഡിയയിൽ അവർക്കെതിരെ ഒരുപാട് ന്യൂസുകൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട് .
മലയാള സിനിമാലോകത്തെ സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന WCC എന്ന സംഘടനയോടും അതിലെ ആദരണീയരായ കലാകാരികളോടുമുള്ള ബഹുമാനം നിലനിർത്തികൊണ്ട് തന്നെ എനിക്കുള്ള സംശയങ്ങളിൽ ചിലത് താഴെ കുറിക്കുന്നു.
(1 ) നടിയെ ആക്രമിച്ച കേസിൽ അപ്പോഴും ഇപ്പോഴും മുൻനിരയിൽ അതിജീവിതക്കൊപ്പം പോരാടുന്ന മഞ്ജു വാരിയർ മലയാള സിനിമാ ലോകത്ത് സ്ത്രീകൾക്ക് ചൂഷണം നടക്കുന്നില്ല എന്ന് മൊഴി നൽകിയിട്ടുണ്ടാകുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ?
(2 ) നടിയെ ആക്രമിച്ച കേസിനെത്തുടർന്ന് മഞ്ജു വാരിയരും മറ്റു സഹപ്രവർത്തകരും ചേർന്നുണ്ടാക്കിയ WCC യിൽ നിന്നും മഞ്ജു വാരിയർ രാജി വെച്ചു അല്ലെങ്കിൽ അവരെ പിരിച്ചു വിട്ടു എന്ന് WCC യിലെ ആരെങ്കിലും പറഞ്ഞിട്ടാണോ മാധ്യമങ്ങൾ അപവാദങ്ങൾ പറഞ്ഞു പരത്തിയത് ? ഇത്തരം കുപ്രചരണങ്ങൾ ആരെ സംരക്ഷിക്കാനായിരുന്നു ...?
(3 ) ഇന്നലെ വൈകീട്ട് വരെ പല ചാനലുകളിലും ഇന്റർവ്യൂ നൽകിയ ചില WCC അംഗങ്ങൾ ( ട്രോൾ ചെയ്യപ്പെടുമ്പോൾ അനുഭവിക്കുന്ന മാനസിക വ്യഥ കൃത്യമായി അറിയുന്നവർ ..) ' പ്രമുഖയായ' സ്ഥാപക അംഗത്തിനെക്കുറിച്ച് യാതൊന്നും പറയാതെ ഒഴിഞ്ഞു മാറി അവരെ ട്രോൾ ചെയ്യപ്പെടാൻ, പൊതുസമൂഹത്തിന്റെ മുൻപിൽ വിചാരണ ചെയ്യപ്പെടാനുള്ള അവസരം മനഃപൂർവം സൃഷ്ടിച്ചതാണോ ?
(4 ) സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർക്കെതിരെ ഒരുപാട് മോശം ന്യൂസുകൾ പരാമർശങ്ങൾ പ്രചരിക്കുമ്പോഴും WCC യിലെ ആരും അവയെ തള്ളിപ്പറയുന്നതായി ഞാൻ കണ്ടിട്ടില്ല. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് ഇന്നലെ വൈകീട്ട് ' ഇപ്പോഴത്തെയും ' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകൾക്കെതിരെ WCC ശക്തമായി അപലപിച്ചിട്ടുണ്ട്.
മഞ്ജു വാരിയർ ഫീൽഡ് ഔട്ട് ആയി എന്നാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ' വേട്ടയൻ ' എന്ന സാക്ഷാൽ രജനി കാന്ത് സിനിമയിലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത് . അടുത്ത വർഷവും ബ്രഹ്മാണ്ഡ സിനിമകൾ ഉൾപ്പടെ കൈനിറയെ കരാറുകളുള്ള കലാകാരിയെയാണ് ഫീൽഡ് ഔട്ട് നടി എന്നപേരിൽ കുപ്രചരണങ്ങൾ നടക്കുന്നത് .അതും വിശ്വസിക്കുന്നവരോട് മഹാ കഷ്ടം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ . നിങ്ങൾക്ക് സമയമുണ്ടങ്കിൽ മനീഷ് നാരായണൻ - മഞ്ജു വാരിയർ ഇന്റർവ്യൂ കാണണ്ടത് തന്നെയാണ് ..!
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി മൂന്നു മുൻനിര നായികമാരുടെ സിനിമകൾ നാളെ റിലീസ് ചെയ്യപ്പെടുകയാണ് . മഞ്ജുവിന്റെ ' ഫൂട്ടേജ് ' , ഭാവനയുടെ ' ഹണ്ട് ' മീര ജാസ്മിന്റെ ' പാലും പഴവും ‘. മലയാള സിനിമകളിൽ സ്ത്രീകൾക്ക് അവസരമില്ല എന്ന് പറയുന്നവർ ആദ്യ ദിവസം തന്നെ സിനിമകൾ കണ്ട് വിജയിപ്പിക്കുമല്ലോ … !
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |