ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് വിമാനസർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് വൻ പിഴ. 90ലക്ഷം രൂപയാണ് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ പിഴചുമത്തിയത്. ഇതിനൊപ്പം വീഴ്ചയുടെ പേരിൽ കമ്പനിയുടെ ഓപ്പറേഷൻസ് ഡയറക്ടർക്കും ട്രെയിനിംഗ് ഡയറക്ടർക്കും യഥാക്രമം ആറ്, മൂന്ന് ലക്ഷം വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതപാലിക്കാൻ പൈലറ്റുമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എയർ ഇന്ത്യ അധികൃതരുടെ പ്രതികരണം ലഭിച്ചിട്ടില്ല.
കഴിഞ്ഞമാസം പത്തിന് കമ്പനി സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടുവഴിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിപ്പെട്ടത്. തുടർന്നാണ് അന്വേഷണം നടത്തിയത്. നിരവധി ഗുരുതരമായ പോരായ്മകളാണ് ഇതിൽ കണ്ടെത്താൻ കഴിഞ്ഞതെന്നാണ് അധികൃതർ പറയുന്നത്. ആ മാസം 22 കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പിഴ ചുമത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
അടുത്തിടെയായി നിരവധി പരാതികളാണ് എയർ ഇന്ത്യയ്‌ക്കെതിരെ ഉർന്നത്. സമയക്രമം പാലിക്കാത്തതും മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ അടിക്കടി റദ്ദാക്കുന്നതുമാണ് കൂടുതൽ പരാതിക്ക് ഇടയാക്കിയത്. ജീവനക്കാരുടെ കുറവ്, സാങ്കേതിക തകരാർ തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി പറഞ്ഞിരുന്നത്. അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ യാത്രക്കാർ എയർ ഇന്ത്യയിൽ നിന്ന് അകന്നു. സ്വകാര്യ വിമാനക്കമ്പനികളെയാണ് ആഭ്യന്തര യാത്രയ്ക്കുൾപ്പടെ ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |