പ്രധാന കഥാപാത്രമായി നായയും
എം. പദ്‌മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു നായകൻ. പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കാനാണ് തീരുമാനം. ജോസഫിനു ശേഷം ശക്തമായ പൊലീസ് ക്രൈം ത്രില്ലറുമായി പദ്മകുമാർ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഒരു നായ എത്തുന്നുണ്ട്. ഷാഹി കബീർ സംവിധാനം ചെയ്ത
ഇലവീഴാപുഞ്ചിറ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ നിതീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ് തിരക്കഥ.പുഴുവിനുശേഷം റത്തിനയുടെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പാതിരാത്രി എന്ന ചിത്രത്തിനും ഷാജി മാറാട്
രചന നിർവഹിക്കുന്നുണ്ട്. പ്രിയൻ ഓട്ടത്തിലാണ്, കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ, സ്ക്രീട്ട് ഹോം എന്നീ ചിത്രങ്ങൾക്കുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു വന്ന റോഷൻ മാത്യു ആനന്ദത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. തൊട്ടപ്പൻ, മൂത്തോൻ, കപ്പേള, സീ യൂ സൂൺ, വർത്തമാനം, കുരുതി, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പാൻ ഇന്ത്യൻ ചിത്രമായ പാരഡൈസ് ആണ് റോഷൻ മാത്യു നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ബോളിവുഡിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. 2022ലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള സംസ്ഥാന അവാർഡ് റോഷന് ലഭിച്ചിരുന്നു. അതേസമയം മീര ജാസ്‌മിൻ, നരേൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ക്വീൻ എലിസബത്ത് ആണ് എം. പദ്‌മകുമാറിന്റെ സംവിധാനത്തിൽ അവസാനമായി റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |