മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചില്ല
പൂച്ചാക്കൽ: ജോസ് മാത്യു ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടിയിൽ ഭിന്നത. പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്ത് കുടിശികയായി കോടതി നടപടിയുണ്ടായതിനെ തുടർന്ന് ജോസ് മാത്യു ആതമഹത്യ ചെയ്‌തതെന്ന പ്രചാരണം ശക്തമാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടും സാവകാശം നൽകിയെങ്കിലും അർബൻ ബാങ്ക് പ്രതികാര നടപടി സ്വീകരിച്ചെന്നാണ് ആക്ഷേപം. അർബൻ ബാങ്ക് ഏരമല്ലൂർ ശാഖയിൽ നിന്ന് 2018ലാണ് പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റിയിലെ 12 പേർ ചേർന്ന് നാല് ഗ്രൂപ്പുകളായി ഒരാൾക്ക് 50,000രൂപ വീതം ആറുലക്ഷം രൂപ വായ്‌പയെടുത്തത്. മൂന്നുപേർ ചേർന്ന ഗ്രൂപ്പിന് 1,50,000 രൂപ വീതം പരസ്പര ജാമ്യത്തിലാണ് നൽകിയത്. കെ.കെ.രമേശൻ,പി.കെ.ജയചന്ദ്രൻ എന്നിവരാണ് ജോസ് മാത്യുവിനൊപ്പം വായ്‌പയെടുത്തത്. ഇതിൽ പി.കെ.ജയചന്ദ്രന്റെ വായ്‌പയാണ് മുടങ്ങിയത്. കോടതി നടപടിയായതോടെ, പരസ്പര ജാമ്യവായ്പയായതിനാൽ മൂന്നുപേർക്കുമെതിരെ ബാങ്ക് നടപടി സ്വീകരിച്ചു. പല തവണ പൊലീസും കോടതിയിൽ നിന്ന് ആമീനും വീട്ടിലെത്തി. ബാങ്കിന്റെ നിരന്തര സമ്മർദ്ദമാണ് ജോസ് മാത്യുവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി ഓഫീസിലെത്തിയ ജോസ് മാത്യു, പാർട്ടിക്ക് പരാതിയൊന്നും നൽകില്ലെന്നും പരിഹാരമുണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിരുന്നതായാണ് വിവരം. ജോസ് മാത്യുവിനൊപ്പമുണ്ടായിരുന്നവർ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ജോസ് പരാതി തയ്യാറാക്കിയെങ്കിലും കൈമാറിയിരുന്നില്ല. കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ ജോസിന്റെ മൃതദേഹം സംസ്കരിച്ചു. മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചിരുന്നില്ല. ആത്മഹത്യയായതിനാലാണ് പതാക പുതപ്പിക്കാതിരുന്നതെന്ന് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |