ജോഹന്നസ്ബെർഗ് : ദക്ഷിണാഫ്രിക്കയിലെ ഏക ദേശീയ മൃഗശാലയായ പ്രിറ്റോറിയ നാഷണൽ സുവോളജിക്കൽ ഗാർഡനിലെ അവസാനത്തെ ആനയായ ചാർലിയെ വനത്തിലേക്ക് സ്വതന്ത്രനാക്കി. നീണ്ട 40 വർഷമാണ് ചാർലി മനുഷ്യരുടെ സംരക്ഷണത്തിൽ കഴിഞ്ഞത്.
1984ൽ രണ്ട് വയസുള്ളപ്പോൾ ചാർലിയെ സിംബാബ്‌വേയിലെ ഹ്വാംഗേ നാഷണൽ പാർക്കിൽ നിന്ന് വേട്ടക്കാർ പിടികൂടുകയായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ബോസ്‌വെൽ വിൽകീ സർക്കസിലായിരുന്നു ചാർലിയുടെ ജീവിതം. സർക്കസിൽ നിന്ന് പഠിച്ച അഭ്യാസങ്ങളൊക്കെ ചാർലിക്ക് അറിയാം.
2001ൽ പ്രിറ്റോറിയ മൃഗശാലയിൽ എത്തിപ്പെട്ടു. സമീപ വർഷങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ പരിസ്ഥിതി പ്രവർത്തകർ ചാർലിയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തി. ഏറെ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ലിംപോപോ പ്രവിശ്യയിലെ ഷാംബാല പ്രൈവറ്റ് റിസേർവ് മേഖലയിലേക്കാണ് ചാർലിയെ സ്വതന്ത്രമാക്കിയത്.
10,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ ചാർലിയെ പോലെ സ്വതന്ത്രമാക്കപ്പെട്ട നിരവധി ആനകളുണ്ട്. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സമയമെടുത്തേക്കാം എന്നതിനാൽ ചാർലിയെ നിരീക്ഷിക്കാൻ വിദഗ്ദ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തന്റെ കുട്ടിയടക്കം നാല് ആനകളുടെ മരണമാണ് മൃഗശാലയിൽ വച്ച് ചാർലിക്ക് കാണേണ്ടിവന്നത്. ഇതിന് ശേഷം മൃഗശാലയിൽ ഒറ്റപ്പെട്ട ചാർലി കടുത്ത വിഷാദത്തിലായിരുന്നു. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മടങ്ങിയ ചാർലിക്ക് ഇനി സന്തോഷത്തോടെ ജീവിക്കാനാകുമെന്നതിന്റെ ആശ്വാസത്തിലാണ് മൃഗശാലയിൽ ചാർലിയെ പരിപാലിച്ചവരും പരിസ്ഥിതി പ്രവർത്തകരും.
അതേ സമയം, ജോഹന്നസ്ബർഗിൽ അടക്കം ഏതാനും ദക്ഷിണാഫ്രിക്കൻ മൃഗശാലകളിൽ ഇനിയും ആനകൾ ശേഷിക്കുന്നുണ്ട്. 25,000ലേറെ ആനകൾ ദക്ഷിണാഫ്രിക്കൻ വനമേഖലയിൽ ജീവിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |