ഗോൾഡ് കോസ്റ്റ്: ഇന്ത്യ എ ക്യാപ്ടൻ മിന്നുമണിയുടെ തകർപ്പൻ ബൗളിംഗിന് മുന്നിൽ വീണ്ടും മുട്ടുമടക്കി ഓസ്ട്രേലിയ എ. ഇരുടീമുകളും തമ്മിലുള്ള ഏക അനൗദ്യോഗിക വനിതാ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ രണ്ടിന്നിംഗ്സിൽ നിന്നും അഞ്ച് വിക്കറ്റം സ്വന്തമാക്കിക്കഴിഞ്ഞ മിന്നു ഇന്ത്യയുടെ പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 167/7 എന്ന നിലയിൽ പ്രതിസന്ധിയിലാണ്. മൂന്ന് വിക്കറ്റ കൈയിലിരിക്കെ ഓസീസിന് 192 റൺസിന്റെ ലീഡാണുള്ളത്.
രാവിലെ 100/2 എന്ന നിലിയിൽ ഒന്നാംഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ എ 184 റൺസിന് ഓൾഔട്ടായിരുന്നു. ഓസ്ട്രേലിയ നേരത്തെ ഒന്നാം ഇന്നിംഗ്സിൽ 212 റൺസിന് ഓൾഔട്ടായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 28റൺസിന്റെ ലീഡ് ഓസീസിന് നടാനായി. 12 ഓവറിൽ 16റൺസ് മാത്രം നൽകി 5 വിക്കറ്റ് വീഴ്ത്തിയ കേറ്റ് പീറ്റേഴ്സണാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ അന്തകയായത്. ഇന്നലെ 84 റൺസിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 40 റൺസെടുത്ത ശ്വേത സെഹ്രാവത്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ബാറ്റിംഗിലും തിളങ്ങിയ മിന്നു 21 (63 പന്തിൽ) നല്ല ചെറുത്ത നിൽപ്പ് നടത്തി. അതേസമയം മറ്റൊരു മലയാളി താരം സജന സജീവൻ ഗോൾഡൻ ഡക്കായി.
തുടർന്ന് രണ്ടാം ഇന്നിംഗിസിനറങ്ങിയ ഓസീസിന്റെ ഓപ്പണർ ജോർജിയ വോളിനെ (0) രണ്ടാം ഓവറിൽ തന്നെ ശുഭയുടെ കൈയിൽ എത്തിച്ച് മിന്നു ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂനൽകി. എമ്മ ഡി ബ്രോഗ് (58), മാഡി ഡാർക്ക് (പുറത്താകാതെ 54) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഓസീസിനെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 20 ഓവറിൽ 6 മെയ്ഡനുൾപ്പെടെ 47 റൺസ് നൽകിയാണ് മിന്നു 5 വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ മത്സരത്തിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കി കഴിഞ്ഞു മിന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |