ന്യൂഡൽഹി: തങ്ങളുടെ ശത്രുപക്ഷത്തുള്ള റഷ്യയുടെ ഉറ്റപങ്കാളിയായിരിക്കെ, സമാധാന ദൂതുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിൽ നന്ദി രേഖപ്പെടുത്തി യുക്രെയിൻ. യുദ്ധം നിർത്താൻ റഷ്യയ്‌ക്കുമേൽ സ്വാധീനം ചെലുത്താൻ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയോട് രണ്ടാം ലോക സമാധാന ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
നയതന്ത്രതലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മഹത്തായ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്‌ക്ക് സമാധാന ഉച്ചകോടി നടത്താൻ കഴിയുമെന്ന് സെലൻസ്‌കി ചൂണ്ടിക്കാട്ടി.
യുക്രെയിനിൽ സമാധാനം ആഹ്വാനം ചെയ്‌ത് ജൂണിൽ സ്വിറ്റ്സർലൻഡിലെ ലൂസേണിൽ നടന്ന ആദ്യ സമാധാന ഉച്ചകോടിയിൽ 90 രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ന്യൂഡൽഹിയെ 'തങ്ങളുടെ ആളായി' എന്നും വേണമെന്ന് സെലൻസ്‌കി പറഞ്ഞു. ഇത് കേവലം സംഘർഷമല്ല. യുക്രെയിനെതിരെ റഷ്യൻ പ്രസിഡന്റ് പുട്ടിൻ നടത്തുന്ന യുദ്ധമാണ്. പുട്ടിനെ തടയാനും നിയന്ത്രിക്കാനും ഇന്ത്യയ്‌ക്ക് കഴിയും. റഷ്യൻ അധിനിവേശ സമയത്ത് ഇന്ത്യ നൽകിയ മാനുഷിക സഹായങ്ങൾക്ക് സെലൻസ്‌കി നന്ദി രേഖപ്പെടുത്തി.
ഇന്ത്യയുമായി എല്ലാമേഖലകളിലും യുക്രെയിൻ സഹകരണം ആഗ്രഹിക്കുന്നു. 'മെയ്ഡ്-ഇൻ-ഇന്ത്യ' ഉൽപ്പന്നങ്ങൾ വാങ്ങും. കീവിൽ ഇന്ത്യൻ കമ്പനികൾ തുറക്കും. യുക്രെയിൻ കമ്പനികൾ ഇന്ത്യയിലും നിക്ഷേപം നടത്തും. മോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കുമെന്നും സെലൻസ്‌കി പറഞ്ഞു.
മോദിയുടെ സന്ദർശന സമയത്ത് പുട്ടിന്റെ നിർദ്ദേശ പ്രകാരം റഷ്യൻ സൈന്യം ആക്രമണം താത്‌ക്കാലികമായി നിർത്തിവച്ചെന്ന് റിപ്പോർട്ടുണ്ട്.
മോദി ഡൽഹിയിൽ
പോളണ്ട്, യുക്രെയിൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. യുക്രെയിൻ സന്ദർശനം ചരിത്രപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുക്രെയിൻ സൗഹൃദം ദൃഢമാക്കാനാണ് പോയത്. പ്രസിഡന്റുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. സമാധാനം പുലരണമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. ആതിഥ്യമര്യാദയ്ക്ക് യുക്രെയിൻ സർക്കാരിനും ജനങ്ങൾക്കും നന്ദി പറയുന്നു-മോദി എക്‌സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |