കൊൽക്കത്ത: ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ആർ.ജി കർമെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ
സന്ദീപ് ഘോഷിനെ ഉൾപ്പെടെ ആറ് പേരെ ഇന്നലെ നുണപരിശോധനയ്ക്ക് വിധേയരാക്കി. ഇതിനായി ഡൽഹി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സി.എഫ്.എസ്.എൽ) വിദഗ്ദ്ധ സംഘം കൊൽക്കത്തയിലെത്തി.
സന്ദീപ് ഘോഷ്, മുഖ്യപ്രതി സഞ്ജയ് റോയ്, കൊല്ലപ്പെട്ട ഡോക്ടറുടെ നാല് സഹപ്രവർത്തകർ എന്നിവർക്കാണ് പരിശോധന നടത്തിയത്.
പ്രതി സഞ്ജയ് റോയിയുടെ പരിശോധന ജയിലിൽ നടക്കും. മറ്റുള്ളവരെ കൊൽക്കത്തയിലെ സി.ബി.ഐ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
സഹപ്രവർത്തകരുടെ മൊഴികൾ പരസ്പര വിരുദ്ധമായതിനാൽ അവരെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ അറിയിച്ചിരുന്നു. യുവതിയുടെ കൊലപാതകത്തിൽ സഹപ്രവർത്തർക്ക് നേരിട്ട് പങ്കില്ലെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ, തെളിവ് നശിപ്പിക്കുകയോ ഗൂഢാലോചനയുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇവരിൽ രണ്ട് പേരുടെ വിരലടയാളം മൃതദേഹം കണ്ടെത്തിയ മൂന്നാം നിലയിലെ സെമിനാർ ഹാളിൽനിന്ന് കണ്ടെത്തിയിരുന്നു.
സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ളവർക്ക് നുണപരിശോധന നടത്താൻ സി.ബി.ഐക്ക് കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. അതിനിടെ,
കോടതി ഉത്തരവ് പ്രകാരം മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള എല്ലാ രേഖകളും എസ്.ഐ.ടി സി.ബി.ഐക്ക് കൈമാറിയതായി കൊൽക്കത്ത പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചു.
നേരത്തെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കൈകാര്യം ചെയ്തിരുന്ന ഡോ. സന്ദീപ് ഘോഷ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ അന്വേഷണം വെള്ളിയാഴ്ച കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് കൈമാറി.
സി.സി ടിവി ദൃശ്യങ്ങൾ
അതിനിടെ, സഞ്ജയ് റോയ് അർദ്ധരാത്രിക്കുശേഷം ആശുപത്രിയിൽ പ്രവേശിക്കുന്നതിന്റെ സി.സി.ടിവി ദൃശ്യം അധികൃതർ പുറത്തുവിട്ടു. ബ്ലൂടൂത്ത് ഇയർഫോൺ ധരിച്ച് ഇയാൾ നിൽക്കുന്നത് ദൃശ്യത്തിൽ കാണാം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഈ ബ്ലൂടൂത്ത് ഇയർഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ സി.സിടിവി ദൃശ്യം പ്രതിയെ കാണിച്ചു. പുലർച്ചെ 1.30നാണ് പ്രതി ആശുപത്രിയിൽ എത്തിയത്. ആഗസ്റ്റ് എട്ടിന് രാത്രി സോനഗച്ചിയിൽ എത്തിയ പ്രതി മദ്യപിച്ചതിനുശേഷം രണ്ട് അനാശാസ്യകേന്ദ്രങ്ങൾ സന്ദർശിച്ചെന്നും പിന്നീടാണ് ആശുപത്രിയിലെത്തിയതെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പ്രതി സഞ്ജയ് റോയിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ സമർപ്പിച്ച റിമാൻഡ് കുറിപ്പിൽ 'കൂട്ടമാനഭംഗം' എന്ന സംശയത്തെക്കുറിച്ച് പരാമർശിക്കാതെ സി.ബിഐ. സഞ്ജയ് റോയ്ക്ക് മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കുള്ളതെന്ന നിഗമനത്തിലാണ് സി.ബി.ഐ. മകൾ കൂട്ട മാനഭംഗത്തിനിരയായതായി സംശയിക്കുന്നെന്ന് ഡോക്ടറുടെ മാതാപിതാക്കൾ അറിയിച്ചിരുന്നു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ ഇവർ സമർപ്പിച്ച ഹർജിയിലും കൂട്ട മാനഭംഗം സംശയിക്കുന്നതായി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |