തിരുവനന്തപുരം: മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരിയെ ഇന്ന് തലസ്ഥാനത്ത് എത്തിക്കും. രാത്രി 10ന് കേരള എക്സ്പ്രസിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ്
കഴക്കൂട്ടം എസ്.ഐ വി.എസ്. രഞ്ജിത്ത്, വനിതാ പൊലീസുകാരായ ശീതൾ, ചിന്നു, പൊലീസ് ഉദ്യോഗസ്ഥൻ റെജി എന്നിവരടങ്ങുന്ന സ്ക്വാഡ് കുട്ടിയുമായി എത്തുക. സിറ്റി പൊലീസ് കമ്മിഷണർ, ഡി.സി.പി , കഴക്കൂട്ടം എ.സി.പി എന്നിവരുടെ നേതൃത്വത്തിലെ സംഘം ഈ സമയം സ്റ്റേഷനിലുണ്ടാകും.
വിശാഖപട്ടണത്തെ സി.ഡബ്ല്യൂ.സിക്ക് കീഴിലെ ഒബ്സർവേഷൻ ഹോമിലായിരുന്ന കുട്ടിയെ മലയാളി സമാജം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ഇന്നലെ കേരള പൊലീസിന് കൈമാറിയത്. തലസ്ഥാനത്തെത്തിയാൽ കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് മുന്നിൽ ഹാജരാക്കും. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസലിംഗിന് വിധേയമാക്കും. നാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ മാതാപിതാക്കൾക്ക് കൈമാറൂ. അസാം ബാലികയ്ക്കായി കഴക്കൂട്ടത്തെ വാടക വീട്ടിൽ കാത്തിരിക്കുകയാണ് പിതാവ് അൻവർ ഹുസൈനും അമ്മ പർവിൻ ബീഗവും.
അതിക്രമം നേരിട്ടെങ്കിൽ അന്വേഷണം
കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് ശാരീരിക അതിക്രമം നേരിട്ടോയെന്ന് അന്വേഷിക്കും. കോടതിയിലും കൗൺസലിംഗിലും കുട്ടി മൊഴി നൽകിയാൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |