അടിമാലി: മൂന്നാറിലെ സ്വർണ്ണ വ്യാപാര ശാലയിൽ നിന്നും മോഷ്ടിച്ച മാല അടിമാലിയിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പിടിയിലായി.ചാലക്കുടി സ്വദേശിനിയും ഇപ്പോൾ എറണാകുളത്ത് താമസിച്ച് വരികയും ചെയ്യുന്ന സുധയാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഇന്നലെ മൂന്നാറിൽ എത്തിയ സുധ ടൗണിലെ ഒരു വ്യാപാര ശാലയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന കയറുകയും മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല വിൽപ്പന നടത്താൻ അടിമാലിയിൽ എത്തി. ടൗണിലെ ഒരു സ്വർണ്ണ വ്യാപാരശാലയിൽ എത്തി മാല വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി സുധയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. മൂന്നാറിലെ കടയിൽ ഇവർ മോഷണം നടത്തി പോന്ന ഉടൻ സിസിടിവി ദൃശ്യങ്ങളിലൂടെ സ്വർണ്ണക്കട നടത്തിപ്പുകാർ മോഷണവിവരം തിരിച്ചറിഞ്ഞിരുന്നു. കടയുടമ നവ മാധ്യമ ഗ്രൂപ്പുകളിൽ നൽകിയ വിവരമാണ് അടിമാലിയിൽ വച്ച് പ്രതിയെ കുടുക്കിയത്. അടിമാലിയിൽ എത്തുമ്പോൾ പണം നൽകാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷ വിളിച്ചായിരുന്നു സുധ യാത്ര ചെയ്തത്. അടിമാലിയിലെ നടപ പടികൾ പൂർത്തീകരിച്ച ശേഷം പൊലീസ് കേസിന്റെ തുടർ നടപടിക്കായി പ്രതിയെ മൂന്നാർ പൊലീസിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |