പത്തനംതിട്ട: സ്റ്റോക്ക് എക്സ്‌ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ പണംതട്ടിയ സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിലായി. മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ (36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട പറമ്പിൽ ഒറയനാരി ധനൂപ് ( 44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്.
പൊലീസ് പറയുന്നതിങ്ങനെ: പന്തളം തോന്നല്ലൂർ ദീപൂസദനത്തിൽ ദീപു ആർ.പിള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മസമ്മിൽ തറമേൽ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ ഷെയർ മാർക്കറ്റാണെന്ന് വിശ്വസിപ്പിച്ച് എ.സി.ഐ.സി.ഐ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടർന്ന് നിതീഷ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 4,26,100രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണംതട്ടുകയായിരുന്നു. സമാന രീതീയിൽ കുരമ്പാല ഗോപൂദനത്തിൽ സന്തോഷ്.കെ.കെ വാട്സാപ്പിലൂടെ പരിചയപ്പെട്ട് ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ സ്റ്റോക്ക് ബ്രോക്കിംഗ് ആണെന്ന് പരിചയപ്പെടുത്തി ധനൂപ് പലതവണയായി 10,49,107രൂപ ന്യൂഡൽഹി ലക്ഷ്മി നഗറിലെ സായി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഇൻഡസ് ബാങ്ക് ശാഖയിലേക്ക് അയപ്പിച്ചു. ഇയാൾക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
മുസമ്മിലിന് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലും സാമ്പത്തിക തട്ടിപ്പിന് കേസ് ഉണ്ട്. പന്തളം എസ്.എച്ച്.ഒ ടി.ഡി.പ്രജീഷ്, എസ്.ഐ അനീഷ് എബ്രഹാം, എ.എസ്.ഐ. ബി.ഷൈൻ, സി.പി.ഒമാരായ ശരത്ത് പിള്ള, ടി.എസ് അനീഷ് , എസ്.അൻവർഷ , ആർ.രഞ്ജിത്ത് എന്നിവരങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |