ന്യൂഡൽഹി: പഠനമോ ജോലിയോ സുരക്ഷിതമായ ജീവിതമോ സ്വപ്‌നം കണ്ടാണ് മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ രാജ്യം വിട്ട് യൂറോപ്പിലും ഗൾഫിലും കാനഡയിലുമെല്ലാം സെറ്റിൽ ചെയ്യാൻ ശ്രമിക്കുന്നത്. പലയിടത്തും വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ളവർക്ക് തരക്കേടില്ലാത്ത തൊഴിൽ സാഹചര്യവും മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
25 ലക്ഷത്തോളം പേരാണ് ജന്മനാടുവിട്ട് മറ്റൊരുനാട്ടിൽ തങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യം പരീക്ഷിക്കുന്നത്. 2020ൽ കൊവിഡ് കാലത്ത് 1.8 കോടി പേർ വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനും പഠനത്തിനുമായി കുടിയേറി. നിലവിൽ ഏറ്റവുമധികം ഇന്ത്യക്കാർ കുടിയേറിയിരിക്കുന്ന മൂന്ന് രാജ്യങ്ങൾ ഇവയാണ്. യുഎഇ-3.5 മില്യൺ, അമേരിക്ക-2.7 മില്യൺ, സൗദി അറേബ്യ 2.5 മില്യൺ. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് മെക്‌സിക്കോ, റഷ്യ, ചൈന, സിറിയ, ഓസ്‌ട്രേലിയ അങ്ങനെയങ്ങനെ പോകുന്നു തുടർന്നുള്ള രാജ്യങ്ങളുടെ കണക്ക്.
യൂറോപ്പിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരിൽ നല്ലൊരു പങ്കും എത്തുന്ന വികസിത രാജ്യമാണ് സ്വീഡൻ. എന്നാൽ ഇവിടെ കഴിഞ്ഞ 26 വർഷത്തിനിടെ രാജ്യം വിട്ട് തിരികെ പോരുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. പഠനത്തിനും ജോലിക്കുമായാണ് സുരക്ഷിതത്വം തേടി ഇന്ത്യക്കാർ സ്വീഡനിലെത്തുന്നത്. 2023ൽ 7480 ഇന്ത്യക്കാരാണ് സ്വീഡനിലേക്ക് കുടിയേറിയത്. എന്നാൽ ഇവിടെ നിന്നും മടങ്ങുന്നവർ ഇതിലും അധികം ഉണ്ടെന്നാണ് കണക്ക്. 2024ലെ ആദ്യമാസങ്ങളിൽ ഇവിടെ കുടിയേറുന്നവരെക്കാൾ അധികമാണ് പുറത്തുകടക്കുന്നവരോ ഇന്ത്യയിലേക്ക് മടങ്ങിപ്പോകുന്നവരുടെയോ എണ്ണം.
20-ാം നൂറ്റാണ്ടിലാണ് സ്വീഡനിലേക്ക് ശക്തമായ ഇന്ത്യൻ കുടിയേറ്റം ഉണ്ടായത്. ഇമിഗ്രേഷൻ നിയമങ്ങളും വിദഗ്ദ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ആകർഷിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളും ഇന്ത്യക്കാരടക്കം നിരവധി പേരെ ആകർഷിച്ചു. 2022 അവസാനത്തോടെ 50,000 ത്തോളം ഇന്ത്യക്കാർ സ്വീഡനിലെത്തി.
എന്നാൽ ഈ വർഷത്തെ കണക്ക് അത്ര ശുഭകരമല്ല. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള ഈ വർഷത്തെ ആദ്യ പാതിയിൽ 2837 ഇന്ത്യക്കാർ സ്വീഡൻ വിട്ടു. മുൻവർഷത്തെക്കാൾ ഇത് 171 ശതമാനത്തോളമാണ്. 1998 ന് ശേഷമുള്ള ആദ്യ നെഗറ്റീവ് കുടിയേറ്റമാണ് സ്വീഡൻ ഇപ്പോൾ അനുഭവിക്കുന്നത്. ഇന്ത്യക്കാരാണ് രാജ്യം വിടുന്നവരിൽ അധികവും. ഇറാക്ക്, ചൈന, സിറിയ എന്നീ രാജ്യക്കാരെ ഇന്ത്യയിൽ നിന്നുള്ളവർ മറികടന്നു.
സ്വീഡൻ-ഇന്ത്യ ബിസിനസ് കൗൺസിലിലെ റോബിൻ സുഖിയ ഇതിനുപിന്നിലെ കാരണം വ്യക്തമാക്കുന്നു. ഉയർന്ന ജീവിത ചെലവും താമസസൗകര്യത്തിലെ വലിയ പരിമിതിയും സമീപകാലത്തെ പിരിച്ചുവിടലുകളുമാണ് ഇതിന് കാരണം.
മോദി സർക്കാരിന് കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നതും മികച്ച തൊഴിലവസരവും ശമ്പളത്തിലെ വർദ്ധനവും നാട്ടിലേക്ക് പോകാൻ കാരണമായി പലരും കരുതുന്നു. ഒപ്പം സ്വീഡനിലെ സാംസ്‌കാരികവും ഭാഷാപരവുമായ തടസങ്ങളും ഏകാന്തതയും പലരെയും തിരികെ
പോരാൻ പ്രേരിപ്പിക്കുന്നു.
ഭാഷയുടെ കാഠിന്യം കാരണം സ്വീഡനിലെത്തുന്ന ഇന്ത്യക്കാരുടെ പങ്കാളികൾക്കും ജോലി ലഭിക്കുന്നില്ല. ഇതോടൊപ്പം നാട്ടിലെ വൃദ്ധരായ മാതാപിതാക്കളെ സഹായിക്കേണ്ടി വരുമ്പോൾ പലരും മടങ്ങിവരുന്നു. അമേരിക്കയിൽ ഉയർന്ന ജീവിതനിലവാരവും നികുതിയിലെ കുറവും അവിടേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നാൽ സ്വീഡനിൽ കഠിനമായ ശൈത്യകാലവും അതികഠിനമായ ജീവിതചെലവും ഒരു പ്രശ്‌നമാണ്.
കുടിയേറ്റം കുറയ്‌ക്കാൻ രാജ്യം വിട്ടുപോകാൻ പണം നൽകുന്ന പദ്ധതിയും സ്വീഡിഷ് സർക്കാർ നടപ്പാക്കുന്നുണ്ട്. അഭയാർത്ഥികൾക്ക് രാജ്യം വിടാൻ 10,000 സ്വീഡിഷ് ക്രൗൺ (960 ഡോളർ-80,000 രൂപ) ആണ് സർക്കാർ നൽകുന്നത്. കാര്യം ഇതൊക്കെയാണെങ്കിലും സ്വീഡനിലേക്ക് കുടിയേറുന്ന രാജ്യക്കാരിൽ രണ്ടാമത് ഇന്ത്യക്കാരാണ്. യുക്രെയിൻ പൗരന്മാർക്കാണ് ഇതിൽ ഒന്നാം സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |