കൊച്ചി: വില കുറച്ച് ഉത്പന്നങ്ങൾ വിറ്റഴിച്ച് വിപണിയിൽ സമ്പൂർണ മേധാവിത്തം നേടാനുള്ള വൻകിട ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ നീക്കത്തിന് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. അമേരിക്കൻ റീട്ടെയിൽ ഭീമനായ ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളുടെ അനഭിലഷണീയമായ വില്പന രീതികൾ ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര വ്യാണിജ്യ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റീട്ടെയിൽ വ്യാപാരത്തിലെ അൻപത് ശതമാനം വിപണി വിഹിതം ഇ കൊമേഴ്സ് നേടുമെന്ന പ്രവചനം അഭിമാനത്തേക്കാൾ ആശങ്ക സൃഷ്‌ടിക്കുകയാണെന്നും വാണിജ്യ മന്ത്രി പറയുന്നു. എന്നാൽ തൊട്ടടുത്ത ദിവസം പീയുഷ് ഗോയൽ നിലപാട് മയപ്പെടുത്തി. വൻകിട ഇ കൊമേഴ്സ് വിപണിയെ പൂർണമായും അവഗണിക്കാനാവില്ലെന്നാണ് അദ്ദേഹം നിലപാട് മാറ്റിയത്.
വൻകിട ഇ കൊമേഴ്സ് കമ്പനികൾ ഇന്ത്യൻ വിപണിയിൽ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയന്ത്രണങ്ങൾ ഈ മേഖലയിൽ ഏർപ്പെടുത്താനാണ് സർക്കാർ തയ്യാറെടുക്കുന്നത്. 2016ൽ ഇ കൊമേഴ്സ് മേഖലയിൽ വിദേശ നിക്ഷേപത്തിന് അനുമതി നൽകിയതു മുതൽ കേന്ദ്ര സർക്കാരും വൻകിട കമ്പനികളുമായി നിയന്ത്രണ സംവിധാനങ്ങളെ ചൊല്ലി തർക്കം ശക്തമാണ്. കൊവിഡിന് ശേഷം ഓൺലൈൻ വ്യാപാരത്തിൽ വൻ കുതിപ്പുണ്ടായതോടെ ചെറുകിട കച്ചവടക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല.
വില കുറച്ച് വില്പന നടത്തിയാൽ പിടി വീഴും
പണക്കരുത്തിന്റെ ബലത്തിൽ ആഗോള ഓൺലൈൻ ശൃംഖലകളായ ആമസോണും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാർട്ടും വിവിധ ഉത്പന്നങ്ങൾ വിപണി വിലയിലേക്കാൾ കുറച്ച് വിറ്റഴിക്കുന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരം നടപടികൾ രാജ്യത്തെ പത്ത് കോടിയിലധികം ചെറുകിട വ്യാപാരികളെ നിലനിൽപ്പിനെ ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. മികച്ച ലാഭം ലഭിക്കുന്ന ഉത്പന്നങ്ങളിലാണ് വമ്പൻമാർ ഏറെ വിലക്കിഴിവ് നൽകുന്നത്. ഇതോടൊപ്പം ഓൺലൈൻ ഭക്ഷ്യ വിപണന ആപ്പുകളും ക്ളൗഡ് കിച്ചനുകളും രാജ്യത്തെ ചെറുകിട റെസ്‌റ്ററന്റുകൾക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. മരുന്നുകളുടെ ഓൺലൈൻ വില്പന അഞ്ച് ലക്ഷത്തിലധികം മെഡിക്കൽ സ്റ്റോറുകൾക്ക് ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു.
ആറ് വർഷത്തിനുള്ളിൽ ഇ കൊമേഴ്സ് വിപണിയുടെ വലുപ്പം
27.30 ലക്ഷം കോടി രൂപയാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |