ശ്രീകൃഷ്ണപുരം/ മണ്ണാർക്കാട്: എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ജാർഖണ്ഡ് ജാണ്ഡുവ ലെട്ടഹാറിൽ സ്വദേശി അരവിന്ദ് കുമാർ(26) കുത്തേറ്റു മരിച്ച സംഭവത്തിലാണ് ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ ജാർഖണ്ഡ് ലെട്ടഹാർ പുട്ടാറിട്ടോല വില്ല മൽഹനിൽ സുരേഷ് ഖഞ്ജു (34) അറസ്റ്റിലായത്.
അരവിന്ദ് കുമാർ കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞതെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. അരവിന്ദ് കുമാറും സുരേഷും ഉൾപ്പെടെ അഞ്ചംഗ സംഘം ജാർഖണ്ഡിൽ നിന്നാണ് മണ്ണാർക്കാട്ടെ വാക്കടപ്പുറം പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയത്. തോട്ടം ജോലിയിൽ മിടുക്കനായിരുന്നു അരവിന്ദ്. സുരേഷും കൂടെയുള്ള മറ്റുള്ളവരും ഇതിൽ അതൃപ്തരായിരുന്നു. സുരേഷിന് കഴിഞ്ഞ ദിവസം ജോലി ശരിയായി ചെയ്തില്ലെങ്കിൽ പിരിച്ചു വിടുമെന്ന് തോട്ടം ഉടമ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുരേഷും അരവിന്ദും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് കടന്നു. കൈയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി അരവിന്ദിന്റെ കഴുത്തിലേക്ക് സുരേഷ് കുത്തിയിറക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മറ്റു തൊഴിലാളികൾ ശബ്ദം കേട്ട് ഓടിയെത്തി. തോട്ടം ഉടമയെ വിവരമറിയിച്ചു. രക്തത്തിൽ കുളിച്ച അരവിന്ദിനെ ആദ്യം കാരാകുറുശ്ശിയിലെയും വട്ടമ്പലത്തെയും സ്വകാര്യ ആശുപത്രികളിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അരവിന്ദ് നാട്ടിലെ സുഹൃത്തുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം ഉടമയോടും പൊലീസിനോടും പറഞ്ഞത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് സുരേഷിനെ അറസ്റ്റു ചെയ്തത്.
മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ടി.വി.ഋഷിപ്രസാദ്, എം.അജാസുദ്ദീൻ, കെ.പി.സുരേഷ്, എ.എസ്.ഐ ശ്യാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വൈ.നസീം, കെ.സി.വിജയൻ, കെ. വിനോദ്കുമാർ, സിവിൽപൊലീസ് ഓഫീസർ ആർ.ജയപ്രകാശ് എന്നിവരുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കൊലപാതകത്തിൽ മറ്റു മൂന്നുപേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |