ചെറുതുരുത്തി: ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ചു പണം തട്ടി. ചെറുതുരുത്തിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ് നമ്പറുകൾ തിരുത്തി പ്രിന്റ് ചെയ്താണ് തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനായ വിജയനാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസം ചെറുതുരുത്തി പള്ളത്ത് വച്ചാണ് കഴിഞ്ഞ തട്ടിപ്പു നടന്നത്. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്ടി ഫിഫ്ടി ലോട്ടറിയുടെ 500 രൂപയുടെ സമ്മാനത്തിന് അർഹമായ രണ്ട് ടിക്കറ്റുകൾ നൽകിയായിരുന്നു തട്ടിപ്പ്. എന്നാൽ ഇത് ലോട്ടറി ഏജൻസിയിലെത്തി കമ്പ്യൂട്ടറിൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്.
442766 എന്ന നമ്പറിലെ അവസാന അക്കമായ ആറ് തിരുത്തി പൂജ്യം ആക്കിയാണ് തട്ടിപ്പ് നടത്തിയത്, മറ്റൊരു ടിക്കറ്റ് 513121 എന്ന് ടിക്കറ്റ് തിരുത്തി നാലാമത്തെ അക്കമായ മൂന്നിന് പകരം എട്ടാക്കുകയായിരുന്നു. ടിക്കറ്റിലെ മറ്റു സ്ഥലങ്ങളിൽ ചെറിയ രീതിയിൽ പ്രിന്റ് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും സമാനമായ തിരുത്തൽ വരുത്തിയിരുന്നു. അതിനാൽ ഫലം നോക്കിയപ്പോൾ സംശയം തോന്നിയിരുന്നില്ല.
ടിക്കറ്റ് പണത്തോടൊപ്പം മറ്റ് ടിക്കറ്റുകൾ കൂടി എടുത്താണ് തട്ടിപ്പുകാർ സ്ഥലം വിട്ടത്. മുൻപും സമാനമായ രീതിയിൽ ചെറുതുരുത്തിയിൽ പലപ്പോഴായി തട്ടിപ്പുകൾ നടന്നിരുന്നു. വഴിയോര കച്ചവടക്കാരായ വൃദ്ധരെയും വികലാംഗരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘങ്ങൾ സജീവമാകുന്നത്. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് ലോട്ടറി വിൽപ്പനക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |