കരുനാഗപ്പള്ളി: ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആലപ്പാട് ആലുംകടവ് ദേശത്ത് ദിർഷാദ് മൻസിലിൽ അഷ്റഫാണ് (24) പിടിയിലായത്.
4.5 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കുലശേഖരപുരം കോട്ടയ്ക്ക് പുറം മുറിയിൽ തുറയിൽ കടവ് - വള്ളിക്കാവ് റോഡിൽ കോട്ടാടി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് കൊച്ചുമൂക്കുമ്പുഴ അമ്പലത്തിലേക്ക് പോകുന്ന ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) നിർമ്മലൻ ജെ.തമ്പി, പ്രിവന്റീവ് ഓഫീസർ ആർ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്.അജിത്ത്, എം.ആർ.അനീഷ്, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജി.ഗംഗ, സി.ഇ.ഒ ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഫോൺ: 0474-2745648.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |