പട്ടാമ്പി: അനധികൃതമായി സൂക്ഷിച്ച വൻ പെട്രോൾ ശേഖരവും കഞ്ചാവും പിടികൂടി. ഗുണ്ടാമാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തി വരുന്ന 'ഓപ്പറേഷൻ ആഗി'ന്റെ ഭാഗമായി പട്ടാമ്പി ഓങ്ങല്ലൂരിൽ നടത്തിയ റെയ്ഡിലാണ് 150 ഓളം ലിറ്റർ അനധികൃത പെട്രോൾ ശേഖരം കണ്ടെത്തിയത്. വർക്ക് ഷോപ്പിന്റെ മറവിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് പെട്രോൾ സംഭരിച്ച് വെച്ചിരുന്നത്. വർക്ക് ഷോപ്പ് ഉടമയായ ഓങ്ങല്ലൂർ കള്ളാടിപ്പറ്റ കൊടക്കാടത്ത് വീട്ടിൽ മുഹമ്മദ് ഷാക്കിറിനെ (39) പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്ക് ഇത്തരത്തിൽ പെട്രോൾ നൽകുന്ന പമ്പുകൾക്കെതിരെ വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി ആർ.മനോജ് കുമാർ, പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പി.കെ.പത്മരാജൻ, എസ്.ഐ കെ.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ഇതേ സംഘം വെള്ളിയാഴ്ച രാത്രി പട്ടാമ്പി നമ്പ്രം റോഡിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും കണ്ടെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |