നെന്മാറ: പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. നെന്മാറ ചാത്തമംഗലം സ്വദേശിയായ
17 കാരനാണ് നെന്മാറ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് കുത്തിപ്പിടിച്ച് തലയ്ക്കും മുഖത്തും മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ ആലത്തൂർ ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്.പി ഉത്തരവിട്ടു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ലഹരി വിൽപ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യത്തിൽ പൊലീസ് അതിക്രമം വ്യക്തമാണ്. കടയിൽ നിന്ന് 17കാരനെ അടുത്തേക്ക് വിളിച്ച ശേഷം മുൻവശത്തെ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തല ഭാഗം ജീപ്പിന് അകത്തേക്ക് വലിച്ചുകയറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.
''നെന്മാറയിൽ ഇലക്ട്രിക്കൽ ഫോക്കസ് ലൈറ്റ് വാങ്ങാൻ വന്നതാണ്. കടയുടെ മുന്നിൽ നിൽക്കുമ്പോൾ പൊലീസ് ജീപ്പ് മുന്നിൽവന്ന് അടുത്തേക്ക് വിളിച്ചു. ശേഷം എന്റെ മുടിയിൽ പിടിച്ച് അകത്തേക്ക് വലിക്കുകയും പല പ്രാവശ്യം അടിക്കുകയും ചെയ്തു. ഞാൻ മാറാൻ ശ്രമിച്ചപ്പോൾ മുടിയിൽ ശക്തമായി പിടിക്കുകയും തല ഡോറിൽ ഇടിക്കുകയും ചെയ്തു. അതിനു ശേഷം ഞാൻ കുതറി മാറിവന്ന് അച്ഛനെ വിവരം അറിയിക്കുമായിരുന്നു.'' മർദ്ദനമേറ്റ വിദ്യാർത്ഥി പറഞ്ഞു.
തലക്കറക്കവും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് നെന്മാറ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയത്. യാതൊരു പ്രകോപനവുമില്ലാതെ മകനെ പൊലീസുകാർ മർദ്ദിച്ചതിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ചെന്നെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും, ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു. കെ.ബാബു എം.എൽ.എ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |