പാരീസ്: മെസേജിംഗ് ആപ്പായ ടെലിഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒയുമായ പവേൽ ഡുറോവിന്റെ (39) അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്ത് തുടരുന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് പാരീസിന് സമീപത്തെ ലെ ബൊർഷെ വിമാനത്താവളത്തിൽ വച്ച് റഷ്യൻ വംശജനായ ഡുറോവ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെയുള്ള സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ഡുറോവ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ഡുറോവിന്റെ അറസ്റ്റിനെതിരെ എക്‌സ് ഉടമ ഇലോൺ മസ്‌ക് അടക്കം രംഗത്തെത്തി. യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണെന്ന് മസ്‌ക് പ്രതികരിച്ചു. ഡുറോവിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് റഷ്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടു. 'റഷ്യൻ മാർക്ക് സക്കർബർഗ് "എന്നാണ് ഡുറോവ് അറിയപ്പെടുന്നത്. 2014ൽ റഷ്യ വിട്ട ഡുറോവിന് നിലവിൽ ഫ്രഞ്ച്, യു.എ.ഇ പൗരത്വമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |