SignIn
Kerala Kaumudi Online
Sunday, 06 October 2024 10.28 AM IST

ആ പ്രഖ്യാപനം ഉടൻ വന്നില്ലെങ്കിൽ കേരളത്തിലെ ഒരു വിമാനത്താവളം അടച്ചുപൂട്ടേണ്ടിവരും, നേരിടുന്നത് വൻ പ്രതിസന്ധി

Increase Font Size Decrease Font Size Print Page
kannur-

കണ്ണൂർ വിമാനത്താവളത്തിന് ഉത്തരമലബാറിലെ ജനങ്ങളുടെ യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലഭ്യതയ്ക്കനുസരിച്ചുള്ള ചരക്കു നീക്കം സാധിക്കുന്നില്ല എന്ന പരാതി മുമ്പേ ഉയർന്നിട്ടുള്ളതാണ്. വിമാനസർവ്വീസുകളുടെ എണ്ണവും ആളനക്കവും കുറഞ്ഞു തുടങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ജീവൻ പകർന്ന് വീണ്ടും പോയിന്റ് ഒഫ് കോൾ പ്രതീക്ഷ വയ്ക്കുന്നതാണ്. ഹജ്ജ് തീർത്ഥാടകരുടെ യാത്രക്കുപരിയായി കഴിഞ്ഞ ആഴ്ച ആദ്യമായി കണ്ണൂരിൽ വിദേശയാത്ര വിമാനം ഇറങ്ങിയതോടെയാണ് പോയിന്റ് ഒഫ് കോൾ പദവി പ്രതീക്ഷയ്ക്ക് ചിറക് മുളച്ചത്.

പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 8ന് ദോഹയിൽ നിന്ന് പുറപ്പെട്ട് ഉ ച്ചയ്ക്ക് 2.55 ന് കണ്ണൂരിൽ എത്തിയ വിമാനം, വൈകന്നേരം 4.25 ന് കണ്ണൂരിൽ നി ന്ന് ദോഹയിലേക്ക് പുറപ്പെട്ടു. അടുത്ത മാസം മുതൽ പ്രതിദിന സർവ്വീസിൽ ഖത്തർ എയർവേയ്സ് വിമാനം ഉപയോഗിക്കും. ഇത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഏറെ മുതൽക്കൂട്ടാകും.

പോയിന്റ് ഒഫ് കോൾ പദവി

വിദേശവിമാനക്കമ്പനികൾക്ക് കൂടുതൽ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുമതിയാണ് പോയിന്റ് ഒഫ് കോൾ എന്നതിലൂടെ അർത്ഥമാക്കുന്നത്. കണ്ണൂർ എയർപോട്ടിന് ഈ പദവി ലഭിച്ചാൽ വിദേശ രാജ്യങ്ങളിൽ നിന്നും അതേപോലെ തിരിച്ചും കൂടുതൽ സർവീസുകൾക്ക് അനുമതി ലഭിക്കും. കണ്ണൂർ ഒഴികെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങൾക്കും പോയിന്റ് ഒഫ് കോൾ പദവി ലഭിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് നൽകാനാവില്ല എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണമായി പറയുന്നത്. എന്നാൽ കണ്ണൂരിന് ശേഷം പ്രവർത്തനം തുടങ്ങിയ ഗോവയിലെ മോപ്പാ മനോഹരർ വിമാനത്താവളത്തിൽ ഒമാൻ എയർ സർവീസ് അനുവദിച്ചിരുന്നു. നിലവിൽ മെട്രോ നഗരങ്ങൾക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ പദവി നൽകി വരുന്നത്. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നതും കാരണമായി പറയുന്നു.


നേരിടുന്നത് പ്രതിസന്ധി

ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാലാവധി കഴിഞ്ഞാൽ കണ്ണൂരിന് പോയിന്റ് ഓഫ് കാൾ പദവി ലഭ്യമാകും എന്ന അഭ്യൂഹം നിലനിന്നിരുന്നു. എന്നാൽ വിമാനത്താവളത്തിന് പദവി നൽകാൻ കഴിയില്ലെന്നും പകരം കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയിൽ അറിയിച്ചത്. മുമ്പും പലതവണ കണ്ണൂരിൽ വിദേശ കമ്പനികളുടെ സർവീസ് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

വ്യോമയാന പാർലമെന്ററി സമിതി കഴിഞ്ഞവർഷം വിമാനത്താവളം സന്ദർശിക്കുകയും വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ പൂർണ്ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.സമിതി പദവി നൽകുന്നതിന് അനുകൂലമായാണ് നിലപാടെടുത്തത്. ഈ പ്രതീക്ഷകളെല്ലാമാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ മങ്ങിയത്. വിദേശസർവീസുകൾ ഇല്ലാത്തതിനാൽ എയർ ഇന്ത്യയും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തി വരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് കഴിഞ്ഞവർഷം സർവീസ് നിറുത്തി. പ്രവർത്തനം തുടങ്ങി ആറ് വർഷമായിട്ടും ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ഉള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ വിമാനത്താവള കമ്പനിയായ കിയാൽ കടന്നപോകുന്നത് എന്നതും വിമാനത്താവളത്തിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്നു. വൻ നഗരങ്ങളിലല്ലാത്ത നിരവധി വിമാനത്താവളങ്ങൾക്ക് ഈ പദവിയുണ്ട്. വിമാന സർവീസുകൾ വർദ്ധിപ്പിക്കാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കും.


പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച വിമാനത്താവളത്തിന് നിർമ്മാണാവശ്യത്തിനെടുത്ത 800 കോടി രൂപക്കു മുകളിൽ വായ്പ തിരിച്ചടക്കാനുണ്ട്. രാഷ്ട്രീയപ്പോര് കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാനക്കമ്പനികളുടെ സർവീസിന് വേണ്ട പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ച കേന്ദ്ര നടപടി നീതികരിക്കാനാവാത്തതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തെ മോദി സർക്കാർ രാഷ്ട്രീയ പകപോക്കലിന് കരുവാക്കുകയാണ്.

പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാക്കുമെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിയുടെ പ്രചരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അധികാരത്തിലെത്തിയതോടെ കണ്ണൂരിനെ കയ്യൊഴിയുകയായിരുന്നു. പ്രവർത്തനം തുടങ്ങി അഞ്ചു വർഷം പിന്നിട്ടിട്ടും വിദേശ കമ്പനികളുടെ സർവീസ് ആരംഭിക്കാത്തത് വിമാനത്താവളത്തിന്റെ വളർച്ചയെ ബാധിച്ചു. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ തുടങ്ങി നിരവധി വിദേശ കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വലിയ വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താനുള്ള 3,050 മീറ്റർ റൺവേ സൗകര്യവും ഇവിടെയുണ്ട്. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ ഏരിയയിൽ ഒരു മണിക്കൂറിൽ 2,000 യാത്രക്കാരെ ഉൾക്കൊള്ളാനാകും.

കൊവിഡ് കാലത്ത് വൈഡ് ബോഡി വിമാനങ്ങളും ഹജ്ജ് യാത്രക്കാർക്കായി സൗദി എയർലൈൻസും സർവീസ് നടത്തി. 2023 സെപ്തംബറിൽ പാർലമെന്ററി സമിതി ചെയർമാൻ വി വിജയസായ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം സൗകര്യങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിരുന്നു. ഇടതുപക്ഷ എം.പിമാർ പോയിന്റ് ഓഫ് കോളിന്റെ ആവശ്യകതയെക്കുറിച്ച് പാർലമെന്റിൽ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം കണ്ണടച്ചു. കണ്ണൂരിൽ നിന്നുള്ള എൽ.ഡി.എഫ് പ്രതിനിധി സംഘവും ഡൽഹിയിലെത്തി പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. എന്നിട്ടും കണ്ണൂർ വിമാനത്താവളത്തോട് പ്രതികാര നടപടി സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സി.പി.എം. കുറ്റപ്പെടുത്തി.


മികച്ച സൗകര്യം

വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഒഫ് കോളിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് കിയാൽ. സൗദി എയർലൈൻസിന്റെ വൈഡ്‌ ബോഡി വിമാനങ്ങൾ കണ്ണൂരിൽ ഹജ്ജ് സർവീസിനായി എത്തിയിരുന്നു. വലിയ വിമാനങ്ങൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ സുഗമമായി സർവീസ് നടത്താൻ കഴിയുമെന്ന് കൊവിഡ് കാലത്തും തെളിഞ്ഞതാണ്. വിവിധ വിദേശ കമ്പനികളുടെ വിമാനങ്ങൾ പ്രവാസികളുമായി കണ്ണൂരിൽ എത്തിയിരുന്നു.

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാത്ത സാഹചര്യവും പോയിന്റ് ഒഫ് കോൾ വേണമെന്ന കണ്ണൂരിന്റെ ആവശ്യത്തിന് ബലം പകരുന്നതാണ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതു മുതൽ എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിദേശകമ്പനികൾ സർവീസിന് താത്പര്യമറിയിച്ചതാണ്. വിദേശ സർവീസുകൾ വന്നാൽ യാത്രക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം ചരക്കുനീക്കവും വർദ്ധിക്കും.


ഭൂമി ഏറ്റെടുക്കൽ വൈകുന്നു

വിമാനത്താവളവുമായി ബന്ധപ്പെട്ട് 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടി വൈകുന്നു. നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ 2023 ഡിസംബർ 12നാണ് വിമാനത്താവളത്തിൽ കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടടുത്ത 14 വീടുകളും സ്ഥലവും ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. 9 വീടുകളാണ് ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നത്.

സുരക്ഷ മുൻനിറുത്തിയാണ് 5 കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കുന്നത്. അപ്രോച്ച് ലൈറ്റിങ്ങിനായി സ്ഥലം മണ്ണിട്ട് ഉയർത്തമ്പോൾ സമീപത്തുള്ള വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് പതിവായതോടെയാണ് തീരുമാനം വന്നത്. പലതവണ ഇവിടെ മണ്ണിടിച്ചിലുണ്ടാവുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക സംബന്ധിച്ച് വിശദമായ ശുപാർശ സമർപ്പിക്കാൻ കലക്ടർക്ക് ഡിസംബറിൽ തന്നെ നിർദ്ദേശം നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANNUR AIRPORT, KERALA, KANNUR, LATEST NEWS, BREAKING NEWS MALAYALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.