മൂവാറ്റുപുഴ : റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ട് നൽകി കൃഷിയിടം ഉപയോഗശൂന്യമായതോടെ സ്വന്തം മണ്ണിൽ കൃഷി ചെയ്യാനാവാതെ വലഞ്ഞ് കർഷകൻ. വാരപ്പെട്ടി സജിഭവനിൽ കെ.എൻ. ഗോപിയാണ് വെള്ളക്കെട്ടുമൂലം സ്വന്തം ഭൂമിയിൽ കൃഷിചെയ്യാനാവാതെ അധികൃതരുടെ ഇടപെടലിനായി കാത്തിരിക്കുന്നത്. വാരപ്പെട്ടി, ആയവന പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പരിപ്പുതോടിന്റെ അരികത്തുള്ള തോട്ടുകണ്ടം പാടത്താണ് കൃഷിയിറക്കാൻ സാധിക്കാതെ വന്നിരിക്കുന്നത്. തോടിനരികിലൂടെയുള്ള റോഡ് ഉയർത്തി നിർമ്മിച്ചപ്പോൾ വശത്തുള്ള പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകാൻ വേണ്ടത്ര വലിപ്പമുള്ള തോടുകളോ കലുങ്കുകളോ നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. നാലുവർഷമായി കൃഷിയിറക്കാൻ സാധിക്കാത്ത ഈ കർഷകൻ പരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല. തരിശായികിടന്ന നിരവധി സ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ആളാണ് ഗോപി. പച്ചക്കറി കൃഷിയും നെൽകൃഷിയും നടത്തി നൂറുമേനി വിളയിച്ച് മികച്ച കർഷകനെന്ന പേര് ലഭിച്ച ഇദ്ദേഹത്തിനാണ് സ്വന്തമായുള്ള 50സെന്റ് പാടത്ത് കൃഷി ഇറക്കാൻ സാധിക്കാതെ വന്നിരിക്കുന്നത്. വാരപ്പെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാടത്ത് ആയവന പഞ്ചായത്ത് നടത്തിയ തോടുകീറലും മണ്ണെടുക്കലും തന്റെ സമ്മതപത്രം ഇല്ലാതെയാണ് നടത്തിയതെന്ന് ഗോപി ആരോപിക്കുന്നു. ഇരു പഞ്ചായത്തുകളും കൃഷിഭവനുകളും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. പ്രായാധിക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും ഇനിയും കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ഗോപിയെന്ന കർഷകനെ മുന്നോട്ട് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |