റാവൽപിണ്ടി: ബംഗ്ളാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും നാണംകെട്ട തോൽവി വഴങ്ങി പാകിസ്ഥാൻ. പാകിസ്ഥാനെതിരെ അവരുടെ മണ്ണിൽ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്. ഒന്നാം ടെസ്റ്റിൽ 10 വിക്കറ്റിന് ജയിച്ചിരുന്ന ബംഗ്ലാദേശ് റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റിന്റെ വിജയമാണ് നേടിയത്.
ഒന്നാം ഇന്നിംഗ്സിൽ 274 റൺസെടുത്ത പാകിസ്ഥാനെതിരെ 12 റൺസ് ലീഡ് വഴങ്ങിയ ബംഗ്ളാദേശ് രണ്ടാം ഇന്നിംഗ്സിലെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് മത്സരം സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ ആറിന് 26 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ സെഞ്ച്വറി നേടിയ ലിട്ടൺ ദാസും (138), അർദ്ധ സെഞ്ച്വറി നേടിയ മെഹ്ദി ഹസനും (78) ചേർന്ന് 262ലെത്തിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പാക് ടീം 172-ന് ആൾഔട്ടായതോടെയാണ് മത്സരം തിരിഞ്ഞത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്‌മൂദും നാലു വിക്കറ്റ് വീഴ്ത്തിയ നാഹിദ് റാണയുമാണ് പാകിസ്ഥാനെ തകർത്തത്.
രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 185 റൺസ് അവസാന ദിവസമായ ഇന്നലെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് മറികടന്നത്. സാക്കിർ ഹസൻ(40), ക്യാപ്ടൻ നജ്മുൽ ഹുസൈൻ ഷാന്റോ (38), മോമിനുൾ ഹഖ് (34), ഷദ്മാൻ ഇസ്ലാം (24) എന്നിവർ ബംഗ്ലാദേശിനായി മികച്ചപ്രകടനം പുറത്തെടുത്തു. മുഷ്ഫിഖുർ റഹീം (22*), ഷാക്കിബ് അൽ ഹസൻ (21*) എന്നിവർ പുറത്താകാതെ നിന്നു. ലിട്ടൺ ദാസാണ് മാൻ ഒഫ് ദ മാച്ച്. മെഹ്‌ദി ഹസൻ മാൻ ഒഫ് ദ സിരീസായി.
4
കഴിഞ്ഞ ഏഴുവർഷത്തിനിടെ വിദേശമണ്ണിൽ ബംഗ്ളാദേശ് ജയിക്കുന്ന നാലാമത്തെ ടെസ്റ്റാണിത്.
3
വിദേശമണ്ണിൽ ബംഗ്ളാദേശ് പരമ്പര നേടുന്നത് മൂന്നാം തവണ. ഇതിന് മുമ്പ് നേടിയ രണ്ട് പരമ്പരകളും ഏക ടെസ്റ്റിന്റേതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |