തിരുവനന്തപുരം: മിൽമയുടെ പാൽ, പാലുൽപ്പന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5.52 ശതമാനം ഉയർന്ന് 4346.67 കോടി രൂപയായി. മുൻവർഷമിത് 4119.25 കോടി രൂപയായിരുന്നു. മിൽമയുടെയും മേഖല യൂണിയനുകളുടെയും വിറ്റുവരവ് കണക്കുകൾ 51ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അവതരിപ്പിച്ചത്.
ഫെഡറേഷന്റെ 70.18 കോടി രൂപയുടെ കാപ്പിറ്റൽ ബഡ്‌ജറ്റും 589.53 കോടി രൂപയുടെ റവന്യൂ ബഡ്‌ജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ക്ഷീരകർഷകർക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകും.
സംസ്ഥാനത്ത് പാലുൽപ്പാദനം കുറയുന്നതിലെ ആശങ്ക യോഗം പങ്കുവച്ചു. ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സർക്കാർ ഇടപെടൽ വേണം. വൈവിദ്ധ്യമുള്ള ഉത്പന്നങ്ങൾ അവതരിപ്പിച്ചും ഉപഭോക്താക്കളുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞുള്ള വിപണി ഇടപെടലുകളിലൂടെയും നൂതനസാങ്കേതിക മാറ്റങ്ങൾ നടപ്പാക്കിയും പ്രവർത്തനം ശക്തമാക്കും.
പാലുൽപ്പാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകരുടെ ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് മിൽമ നടപ്പാക്കുന്നതെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
കർഷകർക്ക് സഹായങ്ങൾ
കാലിത്തീറ്റ ചെലവ് കുറച്ചും അധിക പാൽവിലയും ആകർഷകമായ ഇളവുകൾ ലഭ്യമാക്കിയും ക്ഷീരകർഷകർക്ക് പിന്തുണ ലഭ്യമാക്കാനാണ് ഫെഡറേഷനും മേഖല യൂണിയനുകളും കൈക്കൊള്ളുന്നത്. ഓണക്കാലത്ത് ആവശ്യത്തിന് പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ചെയർമാൻ കൂട്ടിച്ചേർത്തു.
എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എം.ഡി ആസിഫ് കെ. യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശത്തെ ക്ഷീരകർഷകരെ സന്ദർശിച്ചു. ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ചൂരൽമല ക്ഷീര സഹകരണ സംഘത്തിന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |