ശ്രീനഗർ:ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്നും ബി.ജെ.പി അതിന് അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.ജമ്മു കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ കണ്ട പാക് അധീന കാശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജമ്മു കാശ്മീരിലെ റമ്പാനിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. ജമ്മു കാശ്മീർ കത്തിക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകി. ഞങ്ങൾ തീരുമാനവുമായി മുന്നോട്ട് പോയി അത് നീക്കം ചെയ്തു. ഒരു വെടിയുണ്ട പോലും ഉതിർത്തില്ല. അത് പുനഃസ്ഥാപിക്കാൻ ആർക്കും ധൈര്യമില്ല. ബി.ജെ.പി ഉള്ളത് വരെ ഭൂമിയിലെ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല- അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിൽ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്നു. ജമ്മു കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ കണ്ടാൽ പാക് അധീന കാശ്മീരിലെ ജനങ്ങൾ പറയും, പാകിസ്താനൊപ്പം തുടരാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയ്‌ക്കൊപ്പം പോകണമെന്ന്. പാകിസ്താനിലെ ജനങ്ങൾ അവരെ വിദേശികളായാണ് കാണുന്നത്. എന്നാൽ ഇന്ത്യ അവരെ സ്വന്തം ജനങ്ങളായാണ് പരിഗണിക്കുന്നത്. വരൂ, ഞങ്ങൾക്കൊപ്പം ചേരൂ.- അദ്ദേഹം പറഞ്ഞു.
ഭീകരവാദ കേന്ദ്രമായിരുന്ന പ്രദേശം ഇന്ന് ടൂറിസം കേന്ദ്രമായി മാറി. മുമ്പ് താഴ്വരയിലെ യുവാക്കളുടെ കൈകളിൽ തോക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അവിടെ പോയി മാറ്റം കാണൂ. തോക്കുകൾക്ക് പകരം അവരുടെ കൈകളിൽ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളുമാണുള്ളത്.
അഫ്സൽ ഗുരുവിനു പൂമാല
ഇടണമായിരുന്നോ?
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള
നടത്തിയ പരാമർശത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രൂക്ഷമായി വിമർശിച്ചു. 'നമ്മൾ അഫ്സൽ ഗുരുവിനു പൂമാല ഇടണമായിരുന്നോ?' എന്ന് അദ്ദേഹം ചോദിച്ചു. ആ പരാമർശം നിർഭാഗ്യകരമാണ്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റരുതായിരുന്നു എങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടിയിരുന്നത്? പരസ്യമായി പൂമാലയിടണമായിരുന്നോ?''- രാജ്നാഥ് ചോദിച്ചു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ ഒന്നും നേടാനായില്ലെന്നും അന്നത്തെ ജമ്മു കാശ്മീർ സർക്കാർ വധശിക്ഷയ്ക്ക് അംഗീകാരം നൽകില്ലായിരുന്നു എന്നുമാണ് ഒമർ അബ്ദുല്ല കഴിഞ്ഞദിവസം പറഞ്ഞത്. കാശ്മീരിൽ ഭീകരതയ്ക്കു പിന്തുണ നൽകുന്നതു പാകിസ്ഥാൻ അവസാനിപ്പിച്ചാൽ ചർച്ചകൾക്ക് ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
''ഭീകരവാദത്തിനു പിന്തുണ നൽകുന്നത് അവസാനിപ്പിക്കുക എന്ന ഒറ്റക്കാര്യം ചെയ്താൽ, അയൽരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ആര് ആഗ്രഹിക്കാതിരിക്കും? നിങ്ങൾക്ക് ഒരു സുഹൃത്തിനെ മാറ്റാൻ കഴിയും പക്ഷേ അയൽക്കാരനെ മാറ്റാനാവില്ല എന്ന യാഥാർത്ഥ്യം എനിക്കറിയാം. പാകിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധമാണ് ആഗ്രഹിക്കുന്നത്, പക്ഷേ ആദ്യം അവർ ഭീകരവാദം അവസാനിപ്പിക്കണം''– അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |