തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെതിരേ എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ട്രിവാന്‍ഡ്രം മറികടന്നു. എം.എസ് അഖില്‍ പുറത്താകാതെ 37 പന്തില്‍ നിന്നു നേടിയ 54 റണ്‍സാണ് ട്രിവാന്‍ഡ്രത്തിന്റെ വിജയത്തിന് അടിത്തറ പാകിയത്. ഗോവിന്ദ് പൈ 23 പന്തില്‍ നിന്നു പുറത്താകാതെ 30 റണ്‍സ് നേടി.
26 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ഓപ്പണര്‍ റിയാ ബഷീറിന്റെയും 22 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ എസ്.സുബിന്റെയും വിക്കറ്റുകള്‍ മാത്രമാണ് ട്രിവാന്‍ഡ്രത്തിന് നഷ്ടമായത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് മുഹമ്മദ് ഇസ്ഹാക്കാണ്. മറ്റു ബൗളര്‍മാര്‍ക്ക് വിക്കറ്റു നേട്ടം സ്വന്തമാക്കാന്‍ കഴിയാതെ വന്നതോടെ തിരുവനന്തപുരത്തിന് വിജയം എളുപ്പമായി.
മഴയെ തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ ബാറ്റിംഗിന് അയച്ചു. തൃശൂരിന്റെ ഓപ്പണര്‍ ആനന്ദ് സാഗര്‍ നേരിട്ട ആദ്യപന്തില്‍തന്നെ പുറത്തായി. എം.യു. ഹരികൃഷ്ണന്റെ പന്തില്‍ ഗോവിന്ദ് പൈ ക്യാച്ചെടുത്താണ് ആനന്ദിനെ പുറത്താക്കിയത്. 38 റണ്‍സിനിടെ തൃശൂരിന്റെ മൂന്നു വിക്കറ്റ് നഷ്ടമായി. 16-ാം ഓവര്‍ വരെ പിടിച്ചുനിന്ന ക്യാപ്റ്റന്‍ വരുണ്‍ നായനാരെ എന്‍. ശ്രീഹരിയുടെ പന്തില്‍ കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 38 പന്തില്‍നിന്ന് 28 റണ്‍സായിരുന്നു വരുണിന്റെ സമ്പാദ്യം.
21 പന്തില്‍ നിന്ന് പുറത്താകാത 35 റണ്‍സെടുത്ത അക്ഷയ് മനോഹര്‍ ആണ് ടോപ് സ്‌കോറര്‍. നിശ്ചിത 20 ഓവറില്‍ ആറിന് 129 എന്ന സ്‌കോറില്‍ തൃശൂര്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. തിരുവനന്തപുരം ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |