ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. റെയില്‍പാതകളും പരിസരവും നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ തീരുമാനം. രാജ്യത്ത് ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ തീരുമാനം. ട്രെയിനുകള്‍ക്കുള്ളിലെ എഞ്ചിന്‍, ഗാര്‍ഡ് കോച്ചുകള്‍ എന്നിവയിലാണ് ക്യാമറകള്‍ സ്ഥാപിക്കുകയെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
മുന്‍വശത്തും പിന്നിലും വശങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കും. ഇതിനുള്ള ടെന്‍ഡര്‍ മൂന്നുമാസത്തിനുള്ളില്‍ ക്ഷണിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അടിക്കടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സുരക്ഷയ്ക്കായി വലിയ തുക തന്നെ മാറ്റിവച്ചിട്ടും അപകടങ്ങള്‍ നിരന്തര സംഭവങ്ങളായതോടെ പ്രതിപക്ഷവും വിമര്‍ശനം കടുപ്പിക്കുകയാണ്.
പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായതോടെ അപകടങ്ങളില്‍ അട്ടിമറി സാദ്ധ്യത പരിശോധിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. കഴിഞ്ഞ ദിവസങ്ങളില്‍ രാജസ്ഥാനിലെ അജ്മീരില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് സിമന്റ് കട്ടകള്‍ കണ്ടതും യു.പിയിലെ കാണ്‍പൂരില്‍ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ചതും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ അട്ടിമറി സാധ്യത അന്വേഷിക്കുന്നത്.ഒരു വര്‍ഷത്തിനിടെ നടന്ന അപകടങ്ങള്‍ മുഴുവന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെയും അവഗണനയുടെയും ഫലമാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റെയില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പാര്‍ലമെന്റിലും ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍, പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുടെ കരങ്ങള്‍ അപകടങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ വാദം. ഒരു വര്‍ഷത്തിനിടെ 20ലധികം ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |