മുംബയ്: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ ഇന്ത്യയില്‍ ബൈലാറ്ററല്‍ സീരീസ് കളിക്കാന്‍ എത്തിയ ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇത്തരം പരമ്പരകള്‍ കളിച്ചിട്ടില്ല. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം കാണാന്‍ ഐസിസി ഇവന്റുകള്‍ മാത്രമാണ് ശരണം.
എന്നാല്‍ പരസ്പരം മത്സരിക്കുന്നത് കുറവാണെങ്കിലും ഇന്ത്യ - പാകിസ്ഥാന്‍ താരങ്ങള്‍ കളത്തിന് പുറത്ത് വലിയ സൗഹൃദം പങ്കിടുന്നവരാണ്. ഐപിഎല്ലില്‍ പാകിസ്ഥാന്‍ താരങ്ങള്‍ കളിച്ചിരുന്നെങ്കില്‍ ഈ താരങ്ങളില്‍ പലരും ഒരേ ടീമില്‍ കളിക്കുന്നത് കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടാകുമായിരുന്നു. എന്നാല്‍ 2008ലെ പ്രഥമ സീസണിന് ശേഷം പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ല. അവരെ മാറ്റി നിര്‍ത്തിയാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഐപിഎല്‍ നടന്നത്.
ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളായ ബാബര്‍ അസം, വിരാട് കൊഹ്ലി എന്നിവര്‍ ഒരുമിച്ച് ഒരേ ടീമില്‍ കളിക്കാനുള്ള വിദൂര സാദ്ധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞ് വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനമായി അരങ്ങേറിയ ആഫ്രോ - ഏഷ്യാ കപ്പ് വീണ്ടും പുനരാരംഭിക്കാനുള്ള സാദ്ധ്യതയാണ് ജയ് ഷാ ഐസിസി തലപ്പത്ത് എത്തിയതോടെ തെളിഞ്ഞ് വരുന്നത്. അത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളിലെ താരങ്ങള്‍ അണിനിരക്കുന്ന ഒരു ടീം സൗത്താഫ്രിക്ക, സിംബാബ്‌വെ, കെനിയ, നമീബിയ ടീമിലെ താരങ്ങളുമായി ഏറ്റുമുട്ടും.
2005 മുതല്‍ രണ്ട് സീസണുകളില്‍ ആഫ്രോ - ഏഷ്യാ കപ്പ് നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ഈ ടൂര്‍ണമെന്റ് മുടങ്ങുകയായിരുന്നു. പരമ്പര നടക്കുകയാണെങ്കില്‍ എല്ലാ ടീമുകളില്‍ നിന്നും മുന്‍നിര താരങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കാനാണ് ആലോചന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |