നാറ്റോയ്ക്കെതിരെ പുട്ടിൻ
മോസ്കോ: ചാരവൃത്തി ആരോപിച്ച് രാജ്യത്തുള്ള ആറ് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുടെ അംഗീകാരം റദ്ദാക്കി റഷ്യ. ഇവരുടെ നീക്കങ്ങളിൽ ചാരവൃത്തിയുടെയും അട്ടിമറിയുടെയും സൂചനകൾ കണ്ടെത്തിയെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) പറയുന്നു. റഷ്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സൈനിക സംഘർഷങ്ങൾ വഷളാക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ ലണ്ടനിലെ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലെ ഒരു വിഭാഗം നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും എഫ്.എസ്.ബി ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന് എഫ്.എസ്.ബി അവകാശപ്പെട്ടു. യുക്രെയിൻ സംഘർഷത്തിൽ റഷ്യയുടെ പരാജയമാണ് ഇവരുടെ ലക്ഷ്യം. രേഖകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് റഷ്യ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയിൽ നിന്ന് പുറത്താക്കിയത്. സമാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് കണ്ടാൽ മറ്റ് ബ്രിട്ടീഷ് നയതന്ത്രജ്ഞരെയും പുറത്താക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ബ്രിട്ടൻ പ്രതികരിച്ചു.
മുന്നറിയിപ്പുമായി പുട്ടിൻ
ദീർഘ ദൂര മിസൈലുകൾ യുക്രെയിൻ റഷ്യക്കുള്ളിൽ പ്രയോഗിച്ചാൽ വൻ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പാശ്ചാത്യ രാജ്യങ്ങളുടെ ദീർഘ ദൂര ആയുധങ്ങൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ അനുമതി നൽകണമെന്നാണ് യുക്രെയിന്റെ ആവശ്യം. ഇക്കാര്യത്തിൽ നാറ്റോ രാജ്യങ്ങൾ ആലോചന തുടരുകയാണ്. നാറ്റോയുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കമുണ്ടായാൽ സംഘർഷത്തിൽ അവരുടെ നേരിട്ടുള്ള ഇടപെടലായി കണക്കാക്കുമെന്നും പുട്ടിൻ പറഞ്ഞു.
രഹസ്യ അനുമതി ?
ബ്രിട്ടനും ഫ്രാൻസും ദീർഘ ദൂര സ്റ്റോം ഷാഡോ മിസൈലുകൾ യുക്രെയിന് നൽകിയിട്ടുണ്ട്. വിമാനത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇവ യുക്രെയിൻ അതിർത്തിക്കുള്ളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിബന്ധന. എന്നാൽ റഷ്യക്കുള്ളിൽ ഇവ പ്രയോഗിക്കാൻ ബ്രിട്ടൻ യുക്രെയിന് രഹസ്യമായി അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ബ്രിട്ടൻ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |