ഫ്ലോറിഡ: ബഹിരാകാശത്ത് വീണ്ടും റെക്കാഡ് രചിച്ച് മാനവരാശി. 19 പേരാണ് ഭൂമിയെ ഭ്രമണം ചെയ്ത് നിലവിൽ ബഹിരാകാശത്തുള്ളത്. കഴിഞ്ഞ ബുധനാഴ്ച റഷ്യൻ സോയൂസ് ക്യാപ്സ്യൂളിൽ മൂന്ന് പേർ കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് എണ്ണം റെക്കാഡിലെത്തിയത്.ഇക്കൂട്ടത്തിൽ സ്പേസ് എക്സ് പോളാരിസ് ഡോണിലെ സഞ്ചാരികൾ ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും. ബഹിരാകാശത്തെ ആദ്യ സിവിലിയൻ നടത്തം (സ്പേസ് വാക്ക്) ലക്ഷ്യമിട്ട പൊളാരിസ് ഡോൺ ചൊവ്വാഴ്ചയാണ് വിക്ഷേപിച്ചത്. കഴിഞ്ഞ വർഷം മേയിൽ, ഒരേ സമയം 17 പേർ ബഹിരാകാശത്തുണ്ടായിരുന്നു.
19 പേർ എവിടെ ?
അന്താരാഷ്ട്ര ബഹിരാകാശ നിലയം - 12
ചൈനയുടെ ടിയാൻഗോങ്ങ് നിലയം - 3
സ്പേസ് എക്സ് പൊളൊരിസ് ഡോൺ - 4
സുനിതയുടെ വോട്ട് ബഹിരാകാശത്ത്
നവംബറിലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ സുനിത വില്യംസും ബച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വംശജയായ സുനിതയും വിൽമോറും ഇക്കാര്യം അറിയിച്ചത്. അപേക്ഷ സമർപ്പിച്ചു. 1997 മുതൽ അമേരിക്കൻ സഞ്ചാരികൾക്ക് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.
ജൂൺ 5ന് ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിൽ എത്തിയ ഇരുവരും ഫെബ്രുവരിയിൽ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിൽ തിരിച്ചെത്തും. സ്റ്റാർലൈനറിന്റെ സുരക്ഷയിലെ ആശങ്ക മൂലമാണ് ജൂൺ 13ന് നിശ്ചയിച്ചിരുന്ന ഇരുവരുടെയും മടക്കയാത്ര വൈകിപ്പിച്ചത്. സ്റ്റാർലൈനർ അടുത്തിടെ ആളില്ലാതെ മടങ്ങിയെത്തി. നിലയത്തിൽ ദീർഘനാൾ തുടരുന്നതിൽ യാതൊരു നിരാശയുമില്ലെന്നും ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |