ദുബായ് : പുരുഷ ക്രിക്കറ്റിന്റെ ഒരു മൂലയ്ക്ക് മാറ്റിയിരുത്തപ്പെട്ടവരിൽ നിന്ന് അവർക്കൊപ്പം നിൽക്കുന്നവരായി മാറുന്ന വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള അംഗീകാരമാണ് വരുന്ന ട്വന്റി-20 ലോകകപ്പിൽ പുരുഷ താരങ്ങൾക്ക് നൽകിയ അതേ സമ്മാനത്തുക വനിതാ താരങ്ങൾക്കും നൽകാനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം. ഇന്ത്യയിൽ ഉൾപ്പടെ വനിതാ ക്രിക്കറ്റിന് വർദ്ധിച്ചുവരുന്ന ആരാധക പിന്തുണയും വനിതാ പ്രിമിയർ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലെ സാമ്പത്തിക ലാഭവും ഈ തീരുമാനത്തിലേക്ക് നേരത്തേ എത്താൻ ഐ.സി.സിയെ പ്രേരിപ്പിച്ചു.
ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റുകളിലൊഴികെ മിക്ക കായിക മത്സരങ്ങളിലും പുരുഷ വനിതാ താരങ്ങൾക്ക് വ്യത്യസ്ത പ്രതിഫലമാണ് ലഭിക്കുന്നത്. പുരുഷ താരങ്ങൾക്ക് വൻതുക ലഭിക്കുമ്പോൾ വനിതാ താരങ്ങൾക്ക് സമ്മാനം കുറവായിരിക്കും.ഉദാഹരണത്തിന് 2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ കിരീടമുയർത്തിയ ലയണൽ മെസിയും സംഘവും 42 ദശലക്ഷം ഡോളർ (344 കോടിയോളം രൂപ) സമ്മാനമായി ഏറ്റുവാങ്ങിയപ്പോൾ 2023ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബാൾ ജേതാക്കളായ സ്പാനിഷ് ടീമിന് ലഭിച്ചത് ഇതിന്റെ നാലിലൊന്നോളം (10.4 ദശലക്ഷം ഡോളർ) മാത്രമാണ്. ഓരോ മത്സരത്തിനും എത്രത്തോളം കാണികളെ ആകർഷിക്കാൻ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലവും നിശ്ചയിക്കുന്നത് എന്നാണ് ഫിഫയുടെ വാദം. ഫുട്ബാളിൽ ഉൾപ്പടെ വനിതാ താരങ്ങൾക്ക് വേതനത്തിൽ വലിയ വർദ്ധനവ് വരുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
പ്രചാരത്തിന്റെയോ പരസ്യവരുമാനത്തിന്റേയോ അടിസ്ഥാനത്തിലല്ലാതെതന്നെ വനിതാ താരങ്ങൾക്ക് തുല്യതനൽകാൻ തയ്യാറായി പന്നതുതന്നെയാണ് ഐ.സി.സി തീരുമാനത്തിന്റെ പ്രാധാന്യം. സ്ത്രീകളുടെയും പുരുഷന്മാരുടെയും മത്സരങ്ങൾക്ക് 2030ഓടെ ഒരേ സമ്മാനം നൽകാനുള്ള തങ്ങളുടെ കഴിഞ്ഞ വർഷത്തെ തീരുമാനം ആറുകൊല്ലം മുന്നേ നടപ്പിലാക്കാനുള്ള ചങ്കൂറ്റമാണ് ഐ.സി.സി കാട്ടിയിരിക്കുന്നത്. മറ്റ് കായിക ഇനങ്ങൾക്കും ഇത് മാതൃകയായി മാറും. വനിതാ ക്രിക്കറ്റിന്റെ പ്രചാരം വലിയ തോതിൽ വർദ്ധിക്കാനും ഈ തീരുമാനം വഴിതുറക്കും. പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ പോലെ പ്രധാന സ്റ്റേഡിയങ്ങളിൽ തന്നെ വനിതാ മത്സരങ്ങൾ നടത്താനും ടെലിവിഷൻ ലൈവ് ഉറപ്പാക്കാനും ഐ.സി.സി എടുത്ത തീരുമാനമാണ് ഒരു പതിറ്റാണ്ടിനിടയിൽ വനിതാ ക്രിക്കറ്റിനെ ഇന്നുകാണുന്ന നിലയിലേക്ക് എത്തിച്ചത്. മുമ്പ് പുരുഷ ലോകകപ്പ് നടക്കുന്നതിന് സമാന്തരമായി ആരുമറിയാതെ നടന്നിരുന്ന വനിതാ ലോകകപ്പുകൾക്ക് പ്രത്യേക സമയം നൽകി പ്രധാന ടൂർണമെന്റാക്കി മാറ്റിയതും ഐ.സി.സിയുടെ ധീരമായ ചുവടുവെയ്പ്പായിരുന്നു.
2023
ൽ നടന്ന വനിതാ ട്വന്റി-20 ലോകകപ്പിലെ ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് എട്ടുകോടിരൂപയാണ് സമ്മാനമായി ലഭിച്ചത്. ഇതിൽ 134 ശതമാനം വർദ്ധനവാണ് ഈ വർഷത്തെ ജേതാക്കൾക്ക് ലഭിക്കുക.
2024
ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന പുരുഷ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ലഭിച്ച തുകയോളം വരുമിത്. ജേതാക്കൾക്ക് മാത്രമല്ല റണ്ണേഴ്സ് അപ്പിനും ഓരോഘട്ടവും കടന്നെത്തുന്നവർക്കും സമ്മാനത്തുകയിൽ ആനുപാതികമായ വർദ്ധനയുണ്ടാവും.
66.5
കോടിയോളം രൂപയാണ് ഈ വർഷത്തെ വനിതാ ട്വന്റി-20 ലോകകപ്പിൽ ആകെ സമ്മാനത്തുകയായി ഐ.സി.സി ചെലവഴിക്കുക. കഴിഞ്ഞ തവണത്തേക്കാൾ 225 ശതമാനം വർദ്ധനയാണ് ഇക്കാര്യത്തിലുണ്ടാവുക.
19.5 കോടി കിരീടജേതാക്കൾക്ക്, 14 കോടി റണ്ണേഴ്സ് അപ്പിന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |