ആലപ്പുഴ: എ.ടി.എം മെഷീൻ അപ്പാടെ കവർച്ചചെയ്ത് കടക്കുന്ന അന്തർ സംസ്ഥാന സംഘങ്ങളുടെ വിളയാട്ടത്തിനിടയിലും ജില്ലയിലെ 600 ലധികം എ.ടി.എമ്മുകൾക്ക് തെല്ലുമില്ല സുരക്ഷ. സി.സി ടിവി കാമറ, ഫേസ് ഡിറ്റക്ഷൻ കാമറ,തെഫ്റ്റ് അലാറം എന്നിവയെ മാത്രം വിശ്വസിച്ചാണ് ലക്ഷങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി എ.ടി.എം കൗണ്ടറുകളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബാങ്കുകൾ പിൻവലിച്ചിട്ട് വർഷങ്ങളായി. ബാങ്കിനും എ.ടി.എമ്മിനും അതിലെ പണം ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും റിസർവ് ബാങ്കിന്റെ പരിരക്ഷയുണ്ടെന്നതാണ് കാരണം.
സെക്യൂരിറ്റി ജീവനക്കാരെ കവർച്ചാസംഘങ്ങൾ അക്രമിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കാവൽക്കാരെ വേണ്ടെന്ന തീരുമാനത്തിൽ ബാങ്കുകളെത്തിയത്.
എന്നാൽ, തൃശൂരിൽ ഒരേദിവസം ഒന്നിലധികം എ.ടി.എമ്മുകൾ ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ച് മാറ്റി കടത്തിക്കൊണ്ടുപോയ സംഭവത്തോടെ ഈ സുരക്ഷയൊന്നും പോരെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. എ.ടി.എം കൗണ്ടറിലെ സി.സി ടി.വി കാമറകൾ ഛായം പൂശി കാഴ്ച മറച്ചും അലാം സംവിധാനം ഉൾപ്പെടുന്ന സുരക്ഷാഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കിയുമുള്ള ഈ കവർച്ച ആരെയും ആശങ്കപ്പെടുത്തുന്നതാണ്.
ആകെയുള്ളത് പൊലീസ് നിരീക്ഷണം
1.ആലപ്പുഴ ജില്ലയിൽ പ്രാഥമിക സഹകരണ സംഘങ്ങളുടേത് ഒഴികെ കേരള ബാങ്കിന്റേതുൾപ്പെടെ 603 എ.ടി.എം കൗണ്ടറുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ബാങ്ക് കെട്ടിടത്തിന് പുറത്താണ്. പ്രധാന ജംഗ്ഷനുകൾ, ബസ് സ്റ്റോപ്പുകൾ, മാളുകൾ, വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒറ്റമുറികടകളിലാകും എ.ടി.എമ്മുകൾ
2.രാത്രി പത്തുമണികഴിഞ്ഞാൽ അത്യാവശ്യക്കാരല്ലാതെ ആരും സന്ദർശിക്കാനിടയില്ലാത്ത എ.ടി.എമ്മുകളാണ് കൊള്ളക്കാരുടെ നോട്ടപ്പുള്ളികൾ. മിക്ക ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരില്ല. ബാങ്കുകളോട് ചേർന്നുള്ള എ.ടി.എമ്മുകളിൽ മാത്രമാണ് അപൂർവമായെങ്കിലും അതുള്ളത്
3.ജില്ലയിലെ എ.ടി.എമ്മുകൾക്കാകെയുള്ളത് പൊലീസിന്റ നിരീക്ഷണം മാത്രമാണ്. തൃശൂർ സംഭവത്തിന് ശേഷം എല്ലാ എ.ടി.എം പരിസരങ്ങളും കർശനമായി നിരീക്ഷിക്കാൻ പൊലീസ് പട്രോളിംഗ് സംഘങ്ങൾക്ക് നിർദേശമുണ്ട്. എ.ടി.എം കൗണ്ടറുകളിൽ പൊലീസിന്റെ സന്ദർശന വിവരങ്ങൾ രേഖപ്പെടുന്ന 'പട്ടാബുക്ക് ' സജ്ജമാക്കിയിട്ടുണ്ട്
4. എ.ടി.എം മെഷീനുകളിൽ പണം നിറയ്ക്കാൻ കരാർ അടിസ്ഥാനത്തിലോടുന്ന വാഹനങ്ങളിലും ഗൺമാൻമാരെ കുറച്ചു. കോടികൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ രണ്ട് ഗൺമാൻമാരുണ്ടായിരുന്നത് ഇപ്പോഴുള്ളത് ഒന്നാണ്. ഇതിനെതിരെ പരാതി നൽകിയെങ്കിലും തീരുമാനം മാറ്റാൻ ബാങ്കുകാരോ കരാർ കമ്പനികളോ തയ്യാറായിട്ടില്ല
ജില്ലയിൽ കവർന്നത് 3.69 ലക്ഷം
ഏഴുവർഷം മുമ്പ് ജില്ലയിലുണ്ടായത് വൻ എ.ടി.എം കവർച്ച . 2017 ഏപ്രിലിലായിരുന്നു സംഭവം. എസ്.ബി.ഐ ചെറിയനാട് ശാഖയുടെ എ.ടി.എം കൗണ്ടറിലെ മിഷ്യൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് 3.69 ലക്ഷം രൂപ മോഷ്ടിച്ചു. ചേപ്പാട് രാമപുരം ഹൈസ്‌ക്കൂൾ ജംഗ്ഷന് വടക്കുഭാഗത്തെ എസ്.ബി.ഐ കായംകുളം ശാഖയുടെ എ.ടി.എമ്മിലും ചെങ്ങന്നൂരിലെ ചെറിയനാട്ടിലും ആലപ്പുഴ മുഹമ്മയിലും കവർച്ചാശ്രമവും ഉണ്ടായി. ഇതേസംഘം ആലപ്പുഴയിൽ നിന്ന് എം.സി റോഡ് വഴി കഴക്കൂട്ടത്തെത്തി പത്തുലക്ഷം രൂപയും എ.ടി.എമ്മിൽ നിന്ന് കവർച്ച ചെയ്തിരുന്നു. വടക്കേ ഇന്ത്യക്കാരായ സംഘത്തെ ഡൽഹിയിൽ നിന്നാണ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്.
................................
എ.ടി.എമ്മുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. സുരക്ഷാ ജീവനക്കാരെ അപായപ്പെടുത്തിയും കവർച്ച നടത്തിയിട്ടുണ്ട്. ഇപ്പോഴുള്ള കാമറ നിരീക്ഷണവും തെഫ്റ്റ് അലാം സംവിധാനവും ഫലപ്രദമാണ്. പണത്തിനുൾപ്പെടെ റിസർവ് ബാങ്ക് ഗ്യാരന്റിയുണ്ട്. പൊലീസിന്റെ സഹായമാണ് കവർച്ച തടയാൻ വേണ്ടത്
- മാനേജർ, ലീഡ് ബാങ്ക്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |