കോഴിക്കോട്: മുഖ്യമന്ത്രി പറഞ്ഞാൽ തന്റെ മുട്ടുകാൽ വിറയ്ക്കുമെന്ന് പറഞ്ഞവർക്ക് തെറ്റിയെന്നും, തനിക്കൊരു ബാപ്പയുണ്ടെന്നും നിലമ്പൂർ എം.എൽ.എ പി.വി.അൻവർ. നമ്മളെ രക്ഷിക്കുമെന്ന് കരുതുന്നവർ വീടിനകത്ത് ഒരു പൊട്ടക്കിണർ കുഴിച്ചാൽ ആരും വീണു പോകും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. മാമി കേസിൽ ശക്തമായ നിലപാട് എടുത്ത് മുന്നോട്ട് പോകും . ജനങ്ങൾ പോരാട്ടത്തിന് ഇറങ്ങിയില്ലെങ്കിൽ ഒരു ഫയലും നല്ല ഉദ്യോഗസ്ഥരുടെ അടുത്തെത്തില്ലെന്നും, മാമി ആക്ഷൻ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് അൻവർ പറഞ്ഞു.
മാമി കേസിന് തുമ്പുണ്ടാവുന്ന അവസ്ഥ വന്നപ്പോൾ അന്വേഷണ സംഘത്തെ മാറ്റി. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് ഒരു ചുക്കും നടക്കില്ല . എ.ഡി.ജി.പി അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല . ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് മുഖ്യമന്ത്രി . മാമിക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാം. നമ്മുടെ നാട് വലിയ പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു . പൊലീസിൽ ക്രിമിനൽവത്കരണമാണിപ്പോൾ. എം.ഡി.എം.എ കടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് പൊലീസ് സംഘമാണ്. . നൂറിലധികം ചെറുപ്പക്കാർ എം.ഡി.എം.എ കള്ളക്കേസിൽപ്പെട്ടു. മുഖ്യമന്ത്രി സ്വർണക്കടത്ത് കേസ് ഒരു സമുദായത്തിൽ അടിച്ചേൽപ്പിക്കുന്നു. അൻവറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും പാടി നടന്നിട്ട് കാര്യമില്ല .
താൻ രേഖാ മൂലം നൽകിയ പരാതികളിൽ അന്വേഷണം സത്യസന്ധമായി നടക്കുന്നില്ല. തന്നെ ഒന്ന് സന്തോഷിപ്പിക്കാൻ നടത്തിയ നീക്കമാണ് സുജിത് ദാസിനെതിരായ നടപടി . എന്നാൽ അവരുടെ കണക്ക് കൂട്ടലുകൾ തെറ്റി. ഞാൻ പല തെളിവുകളും തുറന്ന് കാണിച്ചു.. പാനൂരിൽ 17വയസുള്ള ആഷിറിന്റെ മരണവും ദുരൂഹമാണ്. മയക്കു മരുന്ന് സംഘമാണ് അതിനും പിന്നിൽ. ആസൂത്രിതമായൊരു കൊലപാതകത്തിന്റെ ചുരുളും അഴിയേണ്ടതുണ്ട്. ആർ.എസ്.എസുമായി ചേർന്ന് ഒരു സമൂഹത്തെ അപരവത്കരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഏക സിവിൽകോഡിലുള്ള അദ്ദേഹത്തിന്റെ നിലപാടു പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |