SignIn
Kerala Kaumudi Online
Sunday, 03 November 2024 1.23 AM IST

ഇന്ന് ലോക വയോജന ദിനം ..................................................... വാർദ്ധക്യം ആഘോഷമാക്കാം

Increase Font Size Decrease Font Size Print Page
old

വയോജനങ്ങളുടെ അറിവും അനുഭവസമ്പത്തും നേട്ടങ്ങളും പങ്കാളിത്തവും സാമൂഹ്യ, ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങൾക്ക് അവർ നൽകിയ സംഭാവനകളും ഓർമ്മിക്കാനും ആഘോഷിക്കാനും അവരെ മാനിക്കാനുമായിട്ടാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഈ ദിവസം ലോക വയോജന ദിനമായി ആചരിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലാത്ത സമൂഹം എന്ന ആശയം പ്രചരിപ്പിക്കുകയും സാമൂഹ്യവികസന പ്രവർത്തനങ്ങളിൽ നിന്ന് വയോജനങ്ങളെ മാറ്റിനിറുത്തുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തടസങ്ങളെ ഇല്ലാതാക്കുകയും അവർക്ക് സമൂഹത്തിൽ എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്നതിന് അവസരം നൽകുകയും ചെയ്യുക എന്നതാണ് ഈ വർഷത്തെ സന്ദേശം.

1990 ഡിസംബർ 14-നു ചേർന്ന യു.എൻ ജനറൽ അസംബ്ളിയാണ് ഒക്ടോബർ ഒന്ന് സാർവദേശീയ വയോജന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. അതിനു മുമ്പ് 1982 ൽ യു.എൻ സംഘടിപ്പിച്ച 'വേൾഡ് അസംബ്ളി ഓൺ ഏജിംഗ്" വയോജന പ്രശ്നങ്ങൾ സംബന്ധിച്ച് വിയന്ന പ്രഖ്യാപനം എന്ന രേഖ അംഗീകരിക്കുകയുണ്ടായി. സ്വാതന്ത്ര്യം, പങ്കാളിത്തം, പരിരക്ഷ, ആത്മസാക്ഷാത്കാരം, അന്തസ് എന്നീ മാർഗനിർദ്ദേശങ്ങളിലൂന്നിയുള്ള നയങ്ങളും പരിപാടികളും വയോജനങ്ങൾക്കുവേണ്ടി എല്ലാ രാജ്യങ്ങളും പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നയങ്ങളും പരിപാടികളും രാജ്യങ്ങൾ നടപ്പാക്കാൻ തുടങ്ങിയെങ്കിലും അതൊന്നും കാര്യമായ ഫലങ്ങൾ ഉളവാക്കിയില്ലെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു.

വയോജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ഇന്ന് ലോകമാകമാനം ചർച്ചയാകുന്നുണ്ട്. ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഒരു സാർവ്വദേശീയ കോൺഫറൻസ് സംഘടിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയുമാണ്. വിവിധ സംഘടനകളും രാജ്യങ്ങളും ഈ ആവശ്യം മുന്നോട്ടു വച്ചുകഴിഞ്ഞു. ഓഗസ്റ്റ് 21 മുതൽ 23 വരെ കൊല്ലത്തു നടന്ന സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനവും ഈ ആവശ്യമുന്നയിക്കുകയുണ്ടായി.

മുതിർന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വർദ്ധിച്ചുവരികയാണ്. ലോകത്ത് രണ്ടുപേർ വീതം ഓരോ സെക്കൻഡിലും 60-ാം ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ 16 കോടി വയോജനങ്ങളാണുള്ളത്. ജനസംഖ്യയുടെ 14 ശതമാനം! മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിർന്നവരുടെ സംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 25 വർഷംകൊണ്ട് വർദ്ധനയുടെ നിരക്ക് ഏതാണ്ട് ഇരട്ടിയാകും. കുട്ടികളെക്കാൾ വൃദ്ധരുടെ സംഖ്യ വർദ്ധിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നുവെന്ന് അ‌ർത്ഥം. കേരളത്തിൽ 80 ലക്ഷം വയോജനങ്ങളുണ്ട്. 2025 ആകുമ്പോഴേക്കു ഈ സംഖ്യ ഒരുകോടി കടക്കും. സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന ഗൗരവമായ സാമൂഹിക സുരക്ഷാപ്രശ്നം വയോജന സംരക്ഷണമായിരിക്കും.

വയോജനങ്ങളുടെ സുരക്ഷിതത്വത്തിന് അനിവാര്യമായും വേണ്ടത് സാമൂഹിക സുരക്ഷിതത്വമാണ്. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പെൻഷൻ വയോജനങ്ങൾക്ക് ലഭ്യമാക്കണം. മറ്റു പെൻഷനൊന്നും കിട്ടാത്തവർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാവണം. ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 22-ാം ആർട്ടിക്കിളും അനുശാസിക്കുന്ന വാർദ്ധക്യ കാലത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കാര്യം നടപ്പിലാക്കാൻ ഇനിയും അമാന്തിച്ചുകൂടാ.

ചെറിയ കുടുംബങ്ങൾ വർദ്ധിക്കുകയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾ കൂടുകയും തൊഴിൽതേടി അന്യദേശങ്ങളിലേക്ക് മക്കൾ ചേക്കേറുകയും ചെയ്യുന്നത് വർദ്ധിക്കുകയും ചെയ്യുമ്പോൾ മക്കളോടൊപ്പം വാർദ്ധക്യകാല ജീവിതം സാദ്ധ്യമല്ലാത്ത അവസ്ഥ സംജാതമാകുന്നു. മുതിർന്ന പൗരന്മാർക്ക് ഒരുമിച്ചു താമസിക്കാനുള്ള കമ്മ്യൂണിറ്റി ലിവിംഗ് സെന്ററുകൾ സ്ഥാപിച്ച് ഇതിന് പരിഹാരം കാണണം. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനം കേരളമാണ്. ഇത് ഇന്ന് കച്ചവടമാണ്. ചൂഷണത്തിന്റെ കേന്ദ്രവുമാണ്. വൃദ്ധസദനങ്ങളല്ല, കമ്മ്യൂണിറ്റി ലിവിംഗ് സെന്ററുകളാണ് ആവശ്യം. ഇത് സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം.

വയോജന കമ്മിഷൻ രൂപീകരിക്കാൻ ഇനിയും വൈകിക്കൂടാ. കമ്മിഷൻ രൂപീകരിക്കുമെന്ന് സാമൂഹ്യനീതി വകുപ്പു മന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടികൾക്ക് വേഗതയില്ല. പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യമായ ശാരീരിക പ്രക്രിയയാണ്. വാർദ്ധക്യം ജീവിതത്തിൽ നിന്നുള്ള പുറന്തള്ളലല്ല. സ്വഭാവികമായ ജീവിതത്തിന്റെ നിയതമായ ഒഴുക്കും ജീവിതകഥയുടെ ക്ളൈമാക്സുമാണത്. വിശ്രമമെന്തെന്നറിയാതെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച്, കാലത്തോടൊപ്പം പൊരുതി ജീവിച്ചവരാണവർ. തങ്ങൾ ആർക്കുവേണ്ടിയായിരുന്നോ ജീവിച്ചതും സമ്പാദിച്ചതും അവർ വാർദ്ധക്യകാലത്ത് തങ്ങൾക്കൊപ്പമുണ്ടാവുകയെന്നത് അവരുടെ ആഗ്രഹമാണ്. എന്നാൽ, ഇന്നത്തെ കുടുംബ- സാമൂഹ്യ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ നോവുന്നതും വാർദ്ധക്യമാണ്.

മാനുഷികതയുടെയും കുടുംബ ബന്ധങ്ങളുടെയും മഹനീയഭാവമാണ് മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുകയും അവർക്ക് സാന്ത്വനമേകുകയും ചെയ്യുക എന്നത്. പുതിയ തലമുറ ഇക്കാര്യം ഉൾക്കൊള്ളേതുണ്ട്. പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ വലിയ മാറ്റങ്ങൾക്കിടയാക്കും. വാർദ്ധക്യത്തെ ബാദ്ധ്യതയായിക്കാണാതെ കുടുംബവും സമൂഹവും സന്തോഷത്തോടെ അതുൾക്കൊള്ളുമ്പോൾ മാത്രമേ പ്രായമായവർ സുരക്ഷിതരാകുകയുള്ളൂ. വാർദ്ധക്യം അനിവാര്യമായ ഒരു സാമൂഹിക മാറ്റമാണെന്നും,​ ആ ഘട്ടം സന്തോഷത്തോടെ, ആരോഗ്യത്തോടെ തരണംചെയ്യാൻ സഹായിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണെന്നുള്ള തിരിച്ചറിവും പ്രവൃത്തിയും നൽകുന്ന സന്ദേശം അത്ഭുതാവഹമായിരിക്കും.

( സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജനറൽ സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 94463 62105)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OLD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.