തിരുവനന്തപുരം : ഉഗാണ്ടയിലെ കംപാലയിൽ നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റിൽ വെങ്കലമെഡൽ നേടി മലയാളിതാരം ഫർസ നസ്റിൻ. ദേശീയ- സംസ്ഥാന മത്സരങ്ങളിൽ ഇതിനകം മികവ് കാട്ടിയിട്ടുള്ള 19കാരിയായ ഫർസയുടെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്.
12-ാം വയസിൽ തിരുവനന്തപുരം ടോസ് അക്കാഡമിയിൽ ബാഡ്മിന്റൺ പരിശീലനം തുടങ്ങിയ ഫർസ 14-ാം വയസിൽ തിരുവനന്തപുരം ജില്ലാ ചാമ്പ്യനായി. 16-ാം വയസിൽ ഒറ്റപ്പാലത്തുനടന്ന സ്റ്റേറ്റ് സീനിയർ റാങ്കിംഗ് ടൂർണമെന്റിലും കോഴിക്കോട് നടന്ന ജൂനിയർ ടൂർണമെന്റിലും ജേതാവായി. മൂന്നുവർഷമായി ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നു. തുടർച്ചയായ രണ്ട് വർഷം സൗത്ത്സോൺ ചാമ്പ്യൻഷിപ്പിലെ മെഡലിസ്റ്റാണ്. ടോസ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം മുൻ ഇന്ത്യൻ താരം സനാവേ തോമസ്,എയർഫോഴ്സ് കോച്ച് റോഷൻ,ബാംഗ്ളൂരിലെ ഐസ്പോർട്സ് അക്കാഡമിയിലെ കോച്ച് കൃഷ്ണകുമാർ തുടങ്ങിയവർക്ക് കീഴിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാഡമിയിൽ മുൻ ഇന്ത്യൻ താരം യു.വിമൽകുമാറിന് കീഴിലും പരിശീലനം നേടിയിട്ടുണ്ട്.
ഫുട്ബാൾ ഗോൾകീപ്പറുടെ മകൾ
രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ ബിരുദവിദ്യാർത്ഥിയായ ഫർസയെ സ്പോർട്സ് രംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് മുൻ ഫുട്ബാൾ ഗോൾകീപ്പർറായ പിതാവ് കെ.എം റഫീഖാണ്. കേരളത്തിന്റെ സബ് ജൂനിയർ, ജൂനിയർ, യൂണിവേഴ്സിറ്റി ടീമുകളിലും മൊഹമ്മദൻസ്, എഫ്.സി കൊച്ചിൻ, ആർ.ബി.ഐ ടീമുകളിലായി രണ്ട് പതിറ്റാണ്ടോളം വലകാത്ത റഫീഖ് ഇപ്പോൾ തിരുവനന്തപുരം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ഓണററി സെക്രട്ടറിയും റിസർവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്. സീമയാണ് ഫർസയുടെ മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |