ന്യൂഡൽഹി: സുപ്രീംകോടതിയുടെ സെറ്റിട്ട് വ്യാജ സിറ്റിംഗ്. അന്വേഷണ റിപ്പോർട്ടുമായി വ്യാജ സി.ബി.ഐ, ഇ.ഡി സംഘം, വാദം കേട്ട് വ്യാജ ചീഫ് ജസ്റ്റിസ്. സൈബർ തട്ടിപ്പ് സംഘം ടെക്‌സ്റ്റെൽസ് അതികായനും വർദ്ധമാൻ ഗ്രൂപ്പ് മേധാവിയുമായ എസ്.പി. ഓസ്‌വാളിനെ (82) വീഴ്ത്തിയ വഴിയാണിത്. നഷ്ടപ്പെട്ടത് ഏഴു കോടി. ഒൻപതംഗ തട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ ലുധിയാന സൈബർ ക്രൈം പൊലീസ് ഗുവാഹത്തിയിൽ അറസ്റ്റ് ചെയ്‌തു. 5.2 കോടി കണ്ടെത്തി വ്യവസായിക്ക് കൈമാറി. രാജ്യം കണ്ട വലിയ ഹൈ പ്രൊഫൈൽ സൈബർ തട്ടിപ്പാണിതെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പുകാർ വാട്സാപ്പ്, സ്കൈപ് ആപ് വഴിയാണ് വ്യവസായിയെ നിരന്തരം ബന്ധപ്പെട്ടത്. സുപ്രീംകോടതി സിറ്രിംഗും ചോദ്യം ചെയ്യലും മൊഴിയെടുപ്പും 'വെർച്വൽ അറസ്റ്റും' ഓൺലൈനായി.
മലേഷ്യയിലേക്ക് 58 വ്യാജ പാസ്‌പോർട്ടുകളും 16 ഡെബിറ്റ് കാർഡുകളും ഓസ്‌വാളിന്റെ ആധാർ ഉപയോഗിച്ച് പാഴ്സൽ അയച്ചെന്നായിരുന്നു സി.ബി.ഐ വേഷമിട്ടവരുടെ വാദം. ജെറ്റ് എയർവേസ് മുൻ ചെയർമാൻ നരേഷ് ഗോയൽ അറസ്റ്റിലായ പണം തട്ടിപ്പ് കേസിൽ പങ്കെന്നാണ് വ്യാജ ഇ.ഡി ഭീഷണി. നാഷണൽ സീക്രട്ട്സ് ആക്‌ട് പ്രയോഗിച്ച കേസാണ്. ആരോടും വിവരങ്ങൾ പറയരുതെന്നും മുന്നറിയിപ്പ് നൽകി.
പണം രണ്ട് അക്കൗണ്ടിൽ
സ്‌കൈപ് വഴിയായിരുന്നു വ്യാജ കോടതി സിറ്റിംഗ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡെന്ന് പരിചയപ്പെടുത്തി ഒരാളെത്തി. മുഖം കാണാൻ സാധിച്ചില്ലെന്ന് ഓസ്‌വാൾ പറയുന്നു. സംസാരം കേട്ടു. ഇടയ്‌ക്കിടെ ചുറ്റിക കൊണ്ട് മേശയിൽ അടിച്ചു. ഏഴുകോടി രൂപ സീക്രട്ട് സൂപ്പർവിഷൻ എന്ന രണ്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ഉത്തരവ്. പ്രതിയെ 24 മണിക്കൂറും നിരീക്ഷണത്തിൽ വയ്‌ക്കാനും നിർദ്ദേശം! ജസ്റ്റിസ് ചന്ദ്രചൂഡും പോൾ ഓസ്‌വാളും തമ്മിലുള്ള കേസ് എന്നാണ് വ്യാജരേഖകളിലുള്ളത്.
വെർച്വൽ അറസ്റ്റ്
ഒരു നിയമത്തിലും വ്യവസ്ഥയില്ലാത്ത വെർച്വൽ അറസ്റ്റ് പണം അക്കൗണ്ടിലേക്ക് മാറ്റും വരെ വീഡിയോ നിരീക്ഷണത്തിലാക്കാനുള്ള തന്ത്രമാണ്. സ്കൈപ്പിലെ ക്യാമറ മുഴുവൻ സമയവും ഓൺ ചെയ്‌തിടാൻ വ്യവസായിയോട് നിർദ്ദേശിച്ചു. ഉറങ്ങുമ്പോൾ പോലും ഇതു വേണ്ടിവന്നു. ഫോൺ ചെയ്യുന്നതും മെസേജ് അയയ്ക്കുന്നതും വിലക്കി. മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ രാഹുൽ ഗുപ്‌തയാണെന്നു പറഞ്ഞ ഒരു പ്രതി നീരീക്ഷണവുമായി ബന്ധപ്പെട്ട് 70 ഉപാധികൾ വച്ചു. ആദ്യം ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് കളി മാറിയപ്പോൾ വിവരം വിശ്വസ്‌തനായ ജീവനക്കാരനോട് പറയുകയായിരുന്നു. പദ്മശ്രീ ജേതാവാണ് ഓസ്‌വാൾ.
സിനിമയെ വെല്ലും തിരക്കഥ
ഓഗസ്റ്റ് 28നാണ് ഓസ്വാളിന് ആദ്യ കാളെത്തുന്നത്. മുംബയ് കൊളാബ യൂണിറ്റിലെ സി.ബി.ഐ ഓഫീസറെന്നാണ് പറഞ്ഞത്. പിന്നീട് ഇയാൾ പൊലീസ് യൂണിഫോമിൽ വീഡിയോ കാളിൽ പ്രത്യക്ഷപ്പെട്ടു. വാട്സാപ്പിൽ ഇ.ഡിയുടെയും മുംബയ് പൊലീസിന്റെയും സീലുള്ള വ്യാജ അറസ്റ്റ് വാറന്റ് അയച്ചു. ഓഗസ്റ്റ് 29നും 30നുമായിരുന്നു വ്യാജ സിറ്റിംഗും, മൊഴിയെടുപ്പും. തട്ടിപ്പുകാർ സി.ബി.ഐയുടെ പേരിൽ തിരിച്ചറിയൽ കാർഡ് കഴുത്തിലിട്ടിരുന്നു. സെറ്രിൽ ഇന്ത്യൻ പതാക അടക്കം ഉപയോഗിച്ചു. കേസെടുക്കുകയാണെന്ന് അറിയിച്ച ശേഷം ജാമ്യഉപാധിയായി ഒരു അക്കൗണ്ടിലേക്ക് നാലുകോടിയും, രണ്ടാം അക്കൗണ്ടിലേക്ക് മൂന്നു കോടിയും ട്രാൻസ്ഫർ ചെയ്യിച്ചു.
ഓഗസ്റ്റ് 31ന് ലുധിയാന സ്റ്റേഷനിൽ പരാതി ലഭിച്ചയുടൻ തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. തട്ടിപ്പിന് പിന്നിൽ അസാം, ബംഗാൾ സ്വദേശികളായ ഒൻപതംഗ സംഘമെന്നാണ് നിഗമനം. അറസ്റ്റിലായ അത്നു ചൗധരി, ആനന്ദ് കുമാർ ചൗധരി എന്നിവർ ബിസിനസിൽ നഷ്ടം സംഭവിച്ചതോടെ തട്ടിപ്പിനിറങ്ങിയതാണ്. മറ്റൊരാൾ മുൻ ബാങ്ക് ജീവനക്കാരൻ. ഓൺലൈൻ ഗെയിം കളിക്കാനാണ് തട്ടിപ്പ് പണം.
1000 ഐ.ഡി ബ്ളോക്ക് ചെയ്‌തു
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 1000ൽ അധികം സ്കൈപ് ഐ.ഡികൾ ഇതിനകം ബ്ലോക്ക് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |