ബംഗളൂരു: മുഡ കേസുമായി ബന്ധപ്പെട്ട വിവാദ പ്ലോട്ടുകൾ തിരികെ നൽകാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി. ധനത്തെയും ഭൂമിയേക്കാളും വലുത് ഭർത്താവിന്റെ അഭിമാനമാണ് എന്നാണ് മുഡയ്ക്ക് അയച്ച കത്തിൽ പാർവതി പറഞ്ഞിരിക്കുന്നത്. പാർവതി നൽകിയ കത്ത് കൈവശമുണ്ടെന്നും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയാണ് കത്ത് ഓഫീസിലെത്തിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതിൽ നിയമോപദേശം തേടുമെന്നും അറിയിച്ചു. പാർവതിയിൽ നിന്ന് മൈസൂരു നഗരവികസന അതോറിട്ടി (മുഡ) 3.2 ഏക്കർ ഭൂമി ഏറ്റെടുക്കുകയും പതിന്മടങ്ങ് വിലയുള്ള 14 പ്ലോട്ടുകൾ പകരം നൽകിയെന്നുമാണ് ആരോപണം. വിവാദവുമായി ബന്ധപ്പെട്ട് ആദ്യമായാണ് പാർവതി പ്രതികരിച്ചത്.
മൈസൂരിലെ വിജയനഗർ ഫേസ് മൂന്നിലും നാലിലും നിന്നായി ലഭിച്ച വ്യത്യസ്ത അളവിലുള്ള 14 പ്ലോട്ടുകളും തിരികെ നൽകാൻ തയ്യാറാണ് എന്ന് അവർ കത്തിൽ പറയുന്നു. തീരുമാനം വ്യക്തിപരമാണ്. 'ഭർത്താവുമായോ മകനും എം.എൽ.എയുമായ യതീന്ദ്രയുമായോ മറ്റ് കുടുംബാംഗങ്ങളുമായോ ഇതുമായി ചർച്ചകൾ നടത്തിയിട്ടില്ല. നൽകിയ ഭൂമിക്ക് പകരമായി മുഡ നൽകിയ 14 പ്ലോട്ടുകളും തിരികെ നൽകാൻ തയ്യാറാണ്. ഭൂമി തിരിച്ചെടുക്കാൻ ആവശ്യമായ നടപടികൾ വേഗം കൈക്കൊള്ളണം. ഭർത്താവിന്റെ അഭിമാനത്തെക്കാളും വലുതല്ല മറ്റൊന്നും. വർഷങ്ങളായി പൊതുപ്രവർത്തനം ചെയ്യുന്ന കുടുംബമാണിത്. അവിടെ നിന്ന് അർഹതയില്ലാത്ത ഒന്നിനുംവേണ്ടി ആഗ്രഹിച്ചിട്ടില്ല" -കത്തിൽ വ്യക്തമാക്കി.
പ്രാരംഭ റിപ്പോർട്ട് ഫയൽ ചെയ്ത ഇ.ഡി, അനധികൃത പണമിടപാട് നടന്നിട്ടുണ്ടോ എന്നാണ് പ്രധാമായും അന്വേഷിക്കുന്നത്. കോടതി നിർദ്ദേശ പ്രകാരം സിദ്ധരാമയ്യ, പാർവതി, പാർവതിയുടെ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമിയുടെ മുൻ ഉടമ ദേവരാജു എന്നിവർക്കെതിരെ ലോകായുക്ത പൊലീസും കേസെടുത്തിരുന്നു. സിദ്ധരാമയ്യയുടെ കുറ്റവിചാരണയ്ക്ക് ഗവർണർ തവർചന്ദ് ഗെലോട്ട് അനുവാദം നൽകിയതിനു പിന്നാലെ അഴിമതി നിരോധന വകുപ്പു പ്രകാരം കേസെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |