സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം
ബെയ്‌റൂട്ട്: ഇസ്രയേലിൽ ഇറാന്റെ വൻ മിസൈൽ ആക്രമണം. തലസ്ഥാനമായ ടെൽ അവീവിലാണ് ഇന്നലെ രാത്രി 100ലേറെ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ഇതിൽ പലതും ഇസ്രയേൽ ആകാശത്തുവച്ച് തകർത്തു. ആക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രയേലിലെ ഇന്ത്യക്കാരോട് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന് യു.എന്നും മദ്ധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഇന്ത്യയും പ്രതികരിച്ചു.
മിസൈലുകൾ വർഷിച്ചെന്ന് ഇറാൻ റെവലൂഷണറി ഗാർഡും ഇസ്രയേൽ ഡിഫൻസ് ഫോഴ്സും (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു.ജോർദാന് മുകളിലൂടെയാണ് ഇറാന്റെ മിസൈലുകൾ പാഞ്ഞത്. ഇസ്രയേൽ തിരിച്ചാക്രമിച്ചാൽ തവിടുപൊടിയാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണം. ടെൽ അവീവിൽ നിന്ന് മുന്നറിയിപ്പ് സയറണുകളും ജെറുസലേമിൽ നിന്ന് സ്‌ഫോടനശബ്ദങ്ങളും കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അടിയന്തര യോഗം ചേർന്നു.
ലെബനനിൽ ഇസ്രയേൽ ഇന്നലെ കരയുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ഇതോടെ പശ്ചിമേഷ്യൻ മേഖലയാകെ യുദ്ധഭീതിയിലായി.
നേരത്തെ ജെറുസലേമിലും ടെൽ അവീവിലും കടുത്ത നിയന്ത്രണങ്ങൾ ഇസ്രയേൽ സൈന്യം ഏർപ്പെടുത്തിരുന്നു. ഹിസ്ബുള്ളയിൽ നിന്നോ ഇറാന്റെ ഭാഗത്തുനന്നോ ആക്രമണങ്ങൾ പ്രതീക്ഷിച്ചാണ് നടപടി. ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷനുകൾക്കായി സൈന്യം ലെബനനിൽ പ്രവേശിച്ചകാര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളുടെ പ്രഖ്യാപനം.
അക്രമികൾ എട്ട് പേരെ
വെടിവച്ചുകൊന്നു
അതിനിടെ ഇസ്രയേലിലെ ജാഫ നഗരത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ട് തോക്കുധാരികൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെടിയുതിർക്കുന്നതിന്റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇസ്രയേൽ കരയുദ്ധം തുടങ്ങി
ലബനനിലെമ്പാടും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. തെക്കൻ ലെബനനിൽ ഇസ്രയേൽ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളിൽ തിങ്കളാഴ്ച അർദ്ധരാത്രിയാണ് ടാങ്കുകൾ ഉൾപ്പെടെയുള്ള കരസേന കടന്നു കയറിയത്. ഇസ്രയേലിന്റെ പാരാട്രൂപ്പ് ഭടന്മാരും കമാൻഡോകളും ഇറങ്ങിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കാൻ ഹിസ്ബുള്ള താവളമാക്കിയ ഗ്രാമങ്ങളാണിവ. വടക്കൻ ഇസ്രയേലിനെ സുരക്ഷിതമാക്കാൻ 'ഓപ്പറേഷൻ നോർത്തേൺ ആരോസ്' എന്ന പേരിലാണ് കരയുദ്ധം. വ്യോമസേനയും പീരങ്കിപ്പടയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ പ്രഹരിച്ച് കരസേനയ്ക്ക് പിന്തുണ നൽകുന്നുണ്ട്. ലബനനിലെമ്പാടും ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു.
അതിർത്തിയിലുടനീളം പൂർണതോതിലുള്ള കരയുദ്ധമല്ല ഇസ്രയേൽ ഉന്നമിടുന്നത്. ഹിസ്ബുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പ്രഹരിക്കുന്ന പരിമിതമായ കരയാക്രമണമാണ്. ഹിസ്ബുള്ളയുടെ പതിനായിരക്കണക്കിന് പോരാളികൾ ഇസ്രയേൽ സേനയെ ശക്തമായി ചെറുക്കുന്നതായാണ് റിപ്പോർട്ട്. അതിനാൽ ലെബനനിൽ ഏറെ ഉള്ളിലേക്ക് ഇസ്രയേൽ സേന കടന്നുകയറില്ല.
2006ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ലബനനുമായി കരയുദ്ധത്തിൽ ഏർപ്പെടുന്നത്. ലബനൻ ചരിത്രത്തിലെ ഏറ്റവും അപകടകകമായ ഘട്ടമാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. തെക്കൻ മേഖലയിൽ സൈന്യത്തെ വിന്യസിക്കാനും ലബനൻ ആലോചിക്കുന്നു.
ഒഴിപ്പിക്കൽ മുന്നറിയിപ്പ്
തെക്കൻ ലബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഉടൻ 500 കിലോമീറ്റർ അകലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ക്രിസ്ത്യൻ ഗ്രാമമായ ഐൻ എബ്‌ലിൽ നിന്ന് ഒഴിഞ്ഞു പോയ അറുനൂറോളം പേർ അതിർത്തിയിലെ ഒരു മതകേന്ദ്രത്തിൽ അഭയം തേടി.
ലബനനിൽ നിന്ന് വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി.
വിടാതെ ഹിസ്ബുള്ളയും
ഹിസ്ബുള്ള ഇന്നലെ ഇസ്രയേൽ ചാര ഏജൻസിയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തേക്ക് ഫാദി 4 എന്ന പുതിയ മിസൈലുകൾ പ്രയോഗിച്ചു. ടെൽ അവീവ് നഗരപ്രാന്തമായ ഗ്ലിലോട്ടിൽ ഇസ്രയേൽ സേനയുടെ 8200 ഇന്റലിജൻസ് യൂണിറ്റുകളുടെ
ആസ്ഥാനത്തും ഹിസ്ബുള്ള മിസൈലുകൾ വർഷിച്ചു.
ലെബനനിൽ നിന്ന് പിൻമാറണം : തുർക്കി
കരയാക്രമണം ലബനന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും ആക്രമണം ഉടൻ അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം പിൻമാറണമെന്നും തുർക്കി മുന്നറിയിപ്പ് നൽകി.
യുദ്ധം തുടങ്ങിയില്ല : ഹിസ്ബുള്ള
കരയാക്രമണം തുടങ്ങിയില്ലെന്നും തുടങ്ങിയാൽ ശക്തമായി ചെറുക്കുമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നഈം ഖാസിം ടെലിവിഷനിൽ വ്യക്തമാക്കി. ഹസൻ നസ്റുല്ലയുടെ പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണം മൂന്ന് രാജ്യങ്ങളിൽ
ഇസ്രയേൽ ഒരേ സമയം പാലസ്തീനിലും സിറിയയിലും ലെബനനിലും ആക്രമണം നടത്തുകയാണ്. ഗാസയിൽ ഇന്നലെ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്‌കസിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |