കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ കുടുംബം. അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുന്നുവെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം. ഷിരൂരിൽ രക്ഷാദൗത്യം നടത്തിയവർക്കും എല്ലാ പിന്തുണ അറിയിച്ചവർക്കും അർജുന്റെ കുടുംബം നന്ദി അറിയിച്ചു. കോഴിക്കോട്ടെ വീട്ടിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അർജുന്റെ സഹോദരിഭർത്താവ് ജിതിൻ.
'ചില വ്യക്തികൾ വൈകാരികമായി മാർക്കറ്റ് ചെയ്യുന്നു. ഇപ്പോൾ സൈബർ ആക്രമണം നേരിടുകയാണ്. കുടുംബത്തിന്റെ വൈകാരികതെയ ചിലർ ചൂഷണം ചെയ്യുന്നു. ഇനിയും അത് തുടരരുതെന്നാണ് പറയുന്നത്. തുടർന്നാൽ ശക്തമായി പ്രതികരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളിൽ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ആ പണം ആവശ്യമില്ല.
അർജുന് ഭീമമായ ശമ്പളമില്ല. ഡ്രഡ്ജർ എത്തിച്ചതിന്റെ ആദ്യത്തെ രണ്ട് ദിവസം മാൽപെയെ കേന്ദ്രീകരിച്ച് നടത്തിയതോടെ ആ ദിവസങ്ങൾ ഞങ്ങൾക്ക് നഷ്ടമായി. തുടർന്ന് അവിടത്തെ എസ്പിക്കും എംഎൽഎയ്ക്കും കാര്യം മനസിലായി. അത് ഞങ്ങളുമായി ചർച്ച ചെയ്തു. ഈശ്വർ മാൽപെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തെരച്ചിലിൽ നടത്തിയ കാര്യങ്ങൾ പറഞ്ഞിരുന്നത്. അപ്പോഴാണ് പൊലീസ് അതിൽ ഇടപെട്ടത്. തെരച്ചിലിൽ ലഭിക്കുന്ന വിവരം ആദ്യം അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് താക്കീത് നൽകുകയും ചെയ്തു.
മനാഫിനും യൂട്യൂബ് ചാനലുണ്ട്. ഷിരൂരിൽ നടക്കുന്ന കാര്യങ്ങൾ യൂട്യൂബിലൂടെ കാണിച്ച് വ്യൂസ് കൂട്ടാനാണ് ശ്രമിച്ചത്. അർജുനോടും കുടുംബത്തോടും സ്‌നേഹമുണ്ടെങ്കിൽ അദ്ദേഹം ഇങ്ങനെയാണോ ചെയ്യേണ്ടത്? ഈശ്വർ മാൽപെയും മനാഫും നടത്തിയ നാടക പരമ്പരയായിരുന്നു അന്ന് നടന്നത്. അന്ന് ഞങ്ങൾക്കത് പറഞ്ഞ് കൂടുതൽ വിവാദത്തിലേക്ക് കടക്കാൻ താൽപര്യമില്ലായിരുന്നു.പക്ഷെ ഇതെല്ലാം ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചതാണ്. ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ടുവരുന്നു. യൂട്യൂബിലെ കാഴ്ചക്കാരെ കൂട്ടാനാണ് മനാഫും ഈശ്വർമാൽപെയും ശ്രമിച്ചത്. എസ്പിയും എംഎൽഎയും മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടു.
എല്ലാം കഴിഞ്ഞിട്ടും യൂട്യൂബിൽ ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുകയാണ്. ആ വീഡിയോകളെല്ലാം കുടുംബത്തെയാണ് ബാധിക്കുന്നത്. ഇത് പറയാനായി ഞാൻ മനാഫിന് മെസേജ് ചെയ്തു. പക്ഷെ ഇതുവരെയായിട്ടും അദ്ദേഹം മറുപടി നൽകിയിട്ടില്ല. പബ്ലിസിറ്റിക്കായി അർജുനെ ചൂഷണം ചെയ്യുകയാണ്.
ജൂലായ് 16നാണ് മണ്ണിടിച്ചിൽ സംഭവിക്കുന്നതും അർജുനെ നഷ്ടപ്പെടുന്നതും. വൈകാരികമായ നിമിഷങ്ങളായിരുന്നു അന്നത്തെ ദിവസങ്ങൾ. അർജുൻ മണ്ണിടിച്ചിലിൽ അകപ്പെട്ടു. ലോറി കിട്ടിയിട്ടുണ്ടെന്നായിരുന്നു അന്ന് ഞങ്ങൾക്ക് പ്രാഥമികമായി ലഭിച്ച വിവരം. വിവരമറിഞ്ഞ് കരഞ്ഞുകൊണ്ടാണ് ഷിരൂരിലേക്ക് പോകാൻ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടക്കത്തിൽ തെരച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് അനാസ്ഥകൾ ഉണ്ടായിരുന്നു.പിന്നീട് അവിടെ ഒരുപാട് പ്രശ്നങ്ങൾ, നാടകീയ രംഗങ്ങൾ, സംഘർഷങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നു.അർജുന്റെ വാഹനം പുഴയിലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് തെരച്ചിൽ അന്ന് അവസാനിപ്പിച്ചത്'- ജിതിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |