ഉത്തരേന്ത്യയിലെയും വിദേശത്തെയും കൊള്ളസംഘങ്ങൾ പറന്നെത്തി ദശലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചിട്ടും കേരളത്തിലെ പതിനായിരത്തോളം വരുന്ന എ.ടി.എമ്മുകൾക്ക് മതിയായ സുരക്ഷയില്ല. തൃശൂരിലെ മൂന്ന് എ.ടി.എമ്മുകൾ ഗ്യാസ്‌കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി 70ലക്ഷം രൂപ കൊള്ളയടിച്ചത് ഹരിയാനയിലെ കൊള്ളസംഘമാണെങ്കിൽ എട്ടുവർഷം മുൻപ് തലസ്ഥാനത്ത് എ.ടി.എമ്മുകളിൽ നിന്ന് പത്തുലക്ഷം രൂപ അടിച്ചെടുത്തത് റൊമേനിയൻ സംഘമായിരുന്നു. എട്ടുവർഷത്തിനിടെ നൂറിലേറെ എ.ടി.എമ്മുകളിൽ കൊള്ളയോ കവർച്ചാശ്രമമോ ഉണ്ടായി.
രാജസ്ഥാനിലെയും ഹരിയാനയിലെയും പരിശീലനം കിട്ടിയ കൊള്ളസംഘമാണ് എ.ടി.എമ്മുകളിൽ മോഷണത്തിനെത്തുന്നത്. കൊച്ചി ഇരുമ്പനത്തും കൊരട്ടിയിലും എ.ടി.എം കവർച്ച നടത്തിയത് രാജസ്ഥാനിലെ പരാനയിലെ കൊള്ളക്കാണ്. തീയിട്ടും ജെ.സി.ബികൊണ്ട് കെട്ടിവലിച്ചുമൊക്കെ എ.ടി.എമ്മുകൾ തകർത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കാനെത്തുന്ന വാനുകൾ കൊള്ളയടിക്കുന്നത് പതിവായതിനെത്തുടർന്ന് നഗരങ്ങളിൽ രാത്രി ഒൻപതു മണിക്കു ശേഷവും ഗ്രാമങ്ങളിൽ ആറിനുശേഷവും പണം നിറയ്ക്കേണ്ടെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. വാനുകളിൽ അഞ്ചു കോടിരൂപ വരെയാണ് കൊണ്ടുപോവുന്നത്.
റൊമേനിയൻ കൊള്ളയടിക്കു ശേഷം എ.ടി.എം കേന്ദ്രങ്ങളിൽ ക്യാമറയും സുരക്ഷാഅലാമും നിർബന്ധമാക്കിയിരുന്നു. ക്യാമറാ ദൃശ്യങ്ങളുടെ തത്സമയ നിരീക്ഷണം നടക്കുന്നതേയില്ല. മുൻപുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധി കാരണമാക്കി പിൻവലിച്ചു. മുൻപ് എ.ടി.എം കൗണ്ടറുകളുടെ വാതിലുകൾ എ.ടി.എം കാർഡ് ഇട്ടേ തുറക്കാനാവുമായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ കൗണ്ടറുകളെല്ലാം തുറന്ന നിലയിലാണ്. മിക്ക കൗണ്ടറുകളിലും സുരക്ഷാ അലാം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ആളുകൾ സ്ഥിരമായി വരുന്നതായതിനാൽ അലാം അത്രത്തോളം പ്രായോഗികമല്ലെന്നും ബാങ്കുകൾ പറയുന്നു.
എ.ടി.എം യന്ത്രത്തിന്റെ വശങ്ങളിലോ പിന്നിലോ ആളനക്കമുണ്ടായാൽ കൺട്രോൾ റൂമിൽ ജാഗ്രതാ സന്ദേശം നൽകാനുള്ള ഫെൻസിംഗ് സോഫ്‌റ്റ്‌വെയറും കാര്യക്ഷമമല്ല. ഇതിനെ മറികടക്കാനുള്ള സുരക്ഷാ സംവിധാനം കൊള്ളക്കാരുടെ കൈവശമുണ്ടെന്നും സൂചനയുണ്ട്. മിക്കയിടത്തും കൗണ്ടറുകളിൽ മതിയായ വെളിച്ചം പോലുമില്ല. എ.ടി.എം കൗണ്ടറും സുരക്ഷാ ഉപകരണങ്ങളും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കണമെന്ന പൊലീസിന്റെ നിർദ്ദേശം ബാങ്കുകൾ കേട്ട മട്ടില്ല. സുരക്ഷാ അലാം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ബന്ധിപ്പിക്കണമെന്നും വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകൾ രാത്രി അടച്ചിടണമെന്നും ബാങ്കുകൾ നിർദ്ദേശം വയ്ക്കുന്നുണ്ട്.
ഹരിയാനയിലെ മേവാദ്, രാജസ്ഥാനിലെ ആൾവാർ എന്നിങ്ങനെ 'തിരുട്ടു ഗ്രാമ"ങ്ങളിലെ പരിശീലനം നേടിയ കൊള്ളസംഘമാണ് കേരളത്തിൽ എ.ടി.എമ്മുകൾ തകർത്ത് കവർച്ച നടത്തുന്നത്. ഗ്യാസ് കട്ടറുകളുപയോഗിച്ച് എ.ടി.എം തകർക്കുകയാണ് പതിവ്. പഴയ മോഡൽ എ.ടി.എമ്മുകളിലാണ് കൂടുതലും കവർച്ച. പുതിയവയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാൽ ലോക്കറിലെ കറൻസികൾ കത്തിപ്പോകാനിടയുണ്ട്. അതിനാൽ വിദഗ്ദ്ധ പരിശീലനം നേടിയവരാണ് കവർച്ചയ്ക്കെത്തുന്നത്. കണ്ണൂർ, തൃശൂർ, കഴക്കൂട്ടം, മാവേലിക്കര, എറണാകുളം എന്നിവിടങ്ങളിലെല്ലാം ഈ സംഘങ്ങൾ നേരത്തേ കവർച്ച നടത്തിയിരുന്നു. കൗണ്ടറുകളിലെ സുരക്ഷാ ക്യാമറകളിൽ സ്‌പ്രേ പെയിന്റടിച്ചും തുണികൊണ്ട് മറച്ചും മറ്റും കൊള്ളയടിക്ക് അരങ്ങൊരുക്കുന്നു. ക്യാമറകളുടെ നിരീക്ഷണം ബാങ്കുകളുടെ കേന്ദ്ര ഓഫീസുകളിലാണ്. അസ്വാഭാവികി എന്തെങ്കിലും കണ്ടാൽ ഇവരാണ് വിവരമറിയിക്കേണ്ടത്. ഈ സംവിധാനവും കാര്യക്ഷമമല്ല. ഇൻഷ്വറൻസുള്ളതിനാൽ നഷ്ടമായ പണം ബാങ്കുകൾക്ക് തിരിച്ചുകിട്ടും. രാത്രികാല പൊലീസ് പട്രോളിംഗും കാര്യക്ഷമമല്ല.
ഓൺലൈനായി തട്ടിയത് 201കോടി
എ.ടി.എം കവർച്ചയിലൂടെ തട്ടിയ കോടികൾക്കു പുറമെ ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് തട്ടിയെടുത്തത് 201 കോടി രൂപയാണ്. 23,753 പരാതികളാണുണ്ടായത്. ട്രേഡിംഗ് തട്ടിപ്പുകളിൽ മാത്രം 3,394 പേർക്ക് 74 കോടി നഷ്ടപ്പെട്ടു. തട്ടിപ്പുകാരുടെ 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയാ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും സൈബർ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട 201കോടിയിൽ 20 ശതമാനം തുക തിരിച്ചുപിടിക്കാനായി. പണം നഷ്ടമായി രണ്ടു മണിക്കൂറിനകം 1930 എന്ന ഹെൽപ്പ് ലൈനിൽ അറിയിച്ചാൽ പണം തിരിച്ചുപിടിക്കാം. മിക്കപ്പോഴും പത്തു ദിവസം വരെ കഴിഞ്ഞാണ് പരാതി കിട്ടാറുള്ളത്. അതിനകം തട്ടിപ്പുകാർ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കും.
ഹൈടെക്ക് തിരുട്ടുകൂട്ടം
ജാർഖണ്ഡിലെ ജാംതാരയിലെ കർമാതർ എന്ന ചെറുഗ്രാമമാണ് അക്കൗണ്ടിലെ പണംതട്ടുന്ന സൈബർ ക്രിമിനലുകളുടെ താവളം. സ്കൂൾ പഠനം പോലും പൂർത്തിയാക്കാത്ത യുവാക്കളാണ് സൈബർ കൊള്ളയ്ക്കിറങ്ങുന്നത്. ഇതിന് പ്രത്യേക പരിശീലനം കിട്ടുന്നുണ്ട്. കേരളാ പൊലീസ് പലവട്ടം ജാംതാരയിലെത്തി തോറ്റു മടങ്ങി. കൊള്ളക്കാർക്ക് ഗ്രാമം ഒന്നാകെ സംരക്ഷണമൊരുക്കുന്നു. ഇഷ്ടികയും കരിങ്കല്ലും വടികളും മുളകുപൊടിയുമായി ഗ്രാമീണർ പൊലീസിനെ നേരിടും. നേരത്തേ മലപ്പുറം പൊലീസ് അവിടെ ആക്രമണത്തിനിരയായിരുന്നു. ഹൈടെക് കൊള്ള പഠിക്കാൻ ധംക, ധിയേഗർ, ധബാദ്, ഗിരിധ് എന്നീ അയൽ ജില്ലകളിലെ യുവാക്കൾ ജാംതാരയിലെത്തുന്നുമുണ്ട്. ബീഹാർ- ബംഗാൾ അതിർത്തിയിലെ ഈ മാവോയിസ്റ്റ് മേഖലയിൽ സായുധ പൊലീസ് ഓപ്പറേഷനും അസാദ്ധ്യമാണ്.
സുരക്ഷാ മാന്വൽ പേരിനുമാത്രം
എ.ടി.എം കൗണ്ടറുകളിൽ മതിയായ വെളിച്ചം ഉറപ്പാക്കണം, കൗണ്ടറുകളുടെ പരിസരംകൂടി നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറകൾ വേണം, അടിയന്തര ഇടപെടലിന് കൺട്രോൾ റൂമുകളുണ്ടാവണം, അസ്വാഭാവികമായി എന്തെങ്കിലുമുണ്ടായാൽ വിവരം ഉടനടി പൊലീസിൽ അറിയിക്കണം.... എന്നിങ്ങനെ സുരക്ഷാ മാന്വൽ കടലാസിലാണ്. എല്ലായിടത്തും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത് അപ്രായോഗികമാണെന്നും പ്രധാന കൗണ്ടറുകളിൽ സുരക്ഷാ ജീവനക്കാരുണ്ടെന്നുമാണ് ബാങ്കുകൾ പറയുന്നത്. പകരമായി എ.ടി.എം കൗണ്ടറുകളിൽ മൂന്നോ നാലോ ക്യാമറകളുണ്ട്.
എം.ടി.എം കണക്ക്
കേരളത്തിൽ
എസ്.ബി.ഐ-------3399
ഫെഡറൽ-------------761
സൗത്ത്ഇന്ത്യൻ-----747
കാനറാ ബാങ്ക്-------726
പൊതുമേഖല-6019
സ്വകാര്യമേഖല-3462
കൂടുതൽ എ.ടി.എം കൗണ്ടറുകൾ എറണാകുളത്താണ്: 1685. തിരുവനന്തപുരത്ത് 1227 കൗണ്ടറുകളും മൂന്നാംസ്ഥാനത്തുള്ള തൃശൂരിൽ 1008 എ.ടി.എം കൗണ്ടറുകളും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |