
ബാലരാമപുരം: വെള്ളായണി ബണ്ട് റോഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ കല്ലിയൂർ-വെള്ളായണി വണ്ടിത്തടം വഴി തിരുവല്ലം ഭാഗത്തേക്കുള്ള റോഡ് ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചതോടെ യാത്രക്കാർ വലയുന്നു. കല്ലിയൂരിൽ-കുളക്കുടിയൂർക്കോണം, കാക്കാമ്മൂല ഭാഗത്തെ യാത്രക്കാരാണ് കൂടുതൽ യാത്രാവെല്ലുവിളികൾ നേരിടുന്നത്. കല്ലിയൂർ പഞ്ചായത്തിലെ പകുതിയിലധികം വാർഡിലുള്ള യാത്രക്കാർക്കും വെള്ളായണി റോഡ് അടച്ചതോടെ തിരുവല്ലം ഭാഗത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.
സൂചനാ ബോർഡുകൾ സ്ഥാപിക്കാതെ പൊടുന്നനെയാണ് ഗതാഗതം നിരോധിച്ചത്. ഇക്കാരണത്താൽ വണ്ടിത്തടം ഭാഗത്ത് നിന്നും വെള്ളായണി ഭാഗത്തേക്ക് ഇപ്പോഴും ഇരുചക്രവാഹനമുൾപ്പെടെ കടന്നുവരുന്നുണ്ട്. പുന്നമൂട് നിവാസികളും കല്ലിയൂർ വെള്ളായണി വഴിയാണ് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്നത്. കല്ലിയൂർ, കുളക്കുടിയൂർക്കോണം, കാക്കാമ്മൂല തുടങ്ങി കല്ലിയൂർ പഞ്ചായത്തിലെ പകുതിയിലധികം വാർഡിലെ താമസക്കാർക്ക് വേഗത്തിൽ തിരുവല്ലം കിഴക്കേകോട്ട ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയുന്ന വഴിയാണിത്.
കല്ലിയൂർ, വണ്ടിത്തടം ഭാഗങ്ങളിൽ വെള്ളായണി കായൽ വഴിയുള്ള യാത്രാ നിരോധിച്ച് കൊണ്ടുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ചാൽ വിദൂര സ്ഥലങ്ങളിലെത്തുന്നവർക്ക് സഹായകമാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
നിർമ്മാണജോലികളുടെ വേഗത പോരെന്നെ്
കായലിൽ ആദ്യഘട്ടപൈലിംഗ് തുടങ്ങിയെങ്കിലും നിർമ്മാണജോലികളുടെ വേഗത പോരെന്നും നാട്ടുകാർ ആക്ഷേപമുന്നയിക്കുകയാണ്. 150 അടിയോളം താഴ്ച്ചയിലാണ് ആദ്യഘട്ടം കോൺക്രീറ്റിട്ടത്. ജലസാന്നിദ്ധ്യം കൂടുതലായതിനാൽ പണികൾക്ക് കൂടുതൽ കാലതാമസം നേരിടേണ്ട സാഹചര്യമാണ്. ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതിന് താത്കലിക സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നെയ്യാറ്റിൻകര,ഫോർട്ട് ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസും പുനക്രമീകരിച്ചിരിക്കുകയാണ്.
തിരുവല്ലം വണ്ടിത്തടം ഭാഗത്ത് നിന്നും വരുന്ന സർവീസുകൾ വെങ്ങാനൂർ-സിസിലിപുരം വഴിയാണ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നത്. സർവീസ് പലതും നിറുത്തലാക്കിയതിനാൽ മറ്റ് പ്രൈവറ്റ് വാഹനങ്ങളാണ് ആശ്രയം. മഴയത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് കാരണം ഗതാഗതവും തടസപെടുന്നുണ്ട്.
കൂടുതൽ തൊഴിലാളികളെ നിയോഗിക്കണം
കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി വെള്ളായണി കായൽ ബണ്ട് റോഡ് വഴിയുള്ള ഗതാഗതം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂൾ വാഹനമുൾപ്പെടെ വെള്ളായണി കടന്ന് വണ്ടിത്തടം ഭാഗത്തേക്കും തിരിച്ചും ചെന്നെത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്. നിർമ്മാണജോലികൾ വേഗത്തിലാക്കാൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ മരാമത്ത് വിഭാഗവുമായി ചർച്ച നടത്തി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |