ഹൈദരാബാദ്: നടി രശ്മിക മന്ദാന ഹൈദരാബാദിൽ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വെള്ള കുർത്തയും ഓറഞ്ച് നിറത്തിലുള്ള പാവാടയും ധരിച്ച് കൈയിൽ വിളക്കുമായി നിൽക്കുന്ന ചിത്രം താരം തന്നെയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നടൻ വിജയ് ദേവരകൊണ്ടയും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ച് ദീപാവലി ആഘോഷിച്ചു എന്നാണ് ഇപ്പോൾ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.
രശ്മികയുടെ ചിത്രങ്ങൾക്ക് താഴെ, ഇത് വിജയ് ദേവരകൊണ്ടയുടെ വീടല്ലേ, സ്റ്റെയർ അല്ലേ എന്നുൾപ്പെടെയുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ചിത്രങ്ങൾ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണെന്ന് രശ്മിക ഒരു കമന്റിലൂടെ വ്യക്തമാക്കിയത്. രശ്മിക ഒരു ചിത്രത്തിലും വിജയ് ദേവരകൊണ്ട മാതാപിതാക്കളോടൊപ്പം നിൽക്കുന്ന ചിത്രത്തിലും പശ്ചാത്തലം ഒന്നാണ്. താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ് വിജയ് ദേവരകൊണ്ട - രശ്മിക ബന്ധം. അത് വീണ്ടും തെളിയിക്കുകയാണ് ഈ ദീപാവലി ചിത്രങ്ങൾ.
തെലുങ്കിലും ഹിന്ദിയിലുമായി നിരവധി പ്രോജക്ടുകളുമായി രശ്മിക തിരക്കിലാണ്. പുഷ്പ 2: ദ റൂൾ, ഛാവ എന്നിവ ഈ വർഷം ഡിസംബർ അഞ്ച്, ആറ് തീയതികളിൽ തീയേറ്ററുകളിലെത്തും. ഹിന്ദിയിൽ സിക്കന്ദർ, താന എന്നീ ചിത്രങ്ങളും തെലുങ്കിൽ റെയിൻബോ, ദി ഗേൾഫ്രണ്ട്, കുബേര എന്നീ ചിത്രങ്ങളും രശ്മിക ചെയ്യുന്നുണ്ട്.
ഗൗതം ടിന്നനൂരി, രാഹുൽ സംകൃത്യൻ എന്നിവർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രങ്ങളിലാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ അഭിനയിക്കുന്നത്. ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |