തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റ് വരുത്തിയ ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തും. സംഭവത്തെക്കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സതീഷ് ബിനോ അന്വേഷിക്കുകയാണ്. കരാറെടുത്ത തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയിൽ നിന്ന് മൊഴിയെടുക്കും. ഇവർ കരാറെടുത്ത ശേഷം മറിച്ചു നൽകുകയായിരുന്നെന്നാണ് വിവരം. തിരികെ വാങ്ങിയ മെഡലുകൾക്ക് പകരം പുതിയവ ഒരാഴ്ചയ്ക്കകം നൽകാമെന്ന് ഏജൻസി അറിയിച്ചിട്ടുണ്ട്. 264 പൊലീസുദ്യോഗസ്ഥർക്കാണ് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ മുഖ്യമന്ത്രി മെഡൽ വിതരണം ചെയ്തത്. ഇതിൽ പകുതിയിലേറെയിലും അക്ഷരത്തെറ്റുണ്ടായി. രണ്ടുവർഷം മുൻപ് ഭഗവതി ഏജൻസി നൽകിയ അക്ഷരത്തെറ്റുള്ള മെഡൽ മടക്കിയിരുന്നു. അന്നത്തെ മെഡലുകൾ വീണ്ടും നൽകിയതാണോയെന്നും കരാറുകൾ സ്ഥിരമായി ഇതേ ഏജൻസിക്ക് നൽകുന്നതിൽ അസ്വാഭാവികതയുണ്ടോ എന്നും ഡി.ഐ.ജി അന്വേഷിക്കും. നിർമ്മാണത്തിന് മെഡലിന്റെ സാമ്പിൾ നൽകാതിരുന്നതും പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |