മുംബയ്: മഹാരാഷ്‌ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യഘട്ട ഫലസൂചനകൾ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് അനുകൂലമാണ്. 150 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്. ബാരാമതിയിൽ യുഗേന്ദ്ര പവാർ പിന്നിലാക്കി അജിത് പവാർ മുന്നിലാണ്. വാന്ദ്രേ ഈസ്റ്റിൽ സീഷാൻ സിദ്ധിഖ് മുന്നിലാണ്.
ജാർഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 77സീറ്റുകളിൽ 38 ഇടത്ത് ഇന്ത്യ സഖ്യവും 35 ഇടത്ത് എൻഡിഎയും മുന്നിലാണ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, കൽപ്പന സോറൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറാൻഡി തുടങ്ങിയ പ്രമുഖ നേതാക്കൾ മുന്നിലാണ്.
ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആദ്യഘട്ട സൂചനകൾ പുറത്തുവന്നു. ഉച്ചയോടെ വ്യക്തമായ ചിത്രം ലഭിക്കും. 288 അംഗ മഹാരാഷ്‌ട്ര, 81 അംഗ ജാർഖണ്ഡ് നിയമസഭകളിൽ കൂടുതൽ എക്സിറ്റ് പോൾ സർവേകളിലും എൻഡിഎയ്ക്കാണ് മുൻതൂക്കം. മഹാരാഷ്‌ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയും ( എൻഡിഎ ) കോൺഗ്രസ് നേതൃത്വലുള്ള മഹാവികാസ് അഘാഡിയും ( ഇന്ത്യ ) തമ്മിലാണ് പോരാട്ടം. ജാർഖണ്ഡിൽ 81 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കാനാണ് എൻഡിഎയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |