മെക്സിക്കോ സിറ്റി : മായൻ, ഇൻക തുടങ്ങിയ ഗോത്രവർഗ്ഗങ്ങളുടെ ശേഷിപ്പുകളാൽ സമ്പന്നമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. പുരാതന മായൻ ഗോത്രവിഭാഗങ്ങളുടെ നിർമ്മിതികൾ ഇന്നും ശാസ്ത്രലോകത്തിന് അത്ഭുതമാണ്. മെക്സിക്കോ ഉൾപ്പെടയുള്ള രാജ്യങ്ങളിൽ ഈ ഗോത്രവർഗ്ഗങ്ങളെ പറ്റി ആർക്കിയോളജിസ്റ്റുകളുടെ ഗവേഷണങ്ങൾ സജീവമാണ്. അത്തരത്തിൽ 2021ൽ ഗവേഷണത്തിനിടെ കണ്ടെത്തിയ ഒന്ന് ഏവർക്കും അത്ഭുതമാണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കൈപ്പത്തി അടയാളങ്ങളാണത്. കറുപ്പും ചുവപ്പും നിറത്തിൽ ഡസൻ കണക്കിന് കൈപ്പത്തി അടയാളങ്ങളാണ് മെക്സിക്കോയിലെ ഗുഹയിൽ കണ്ടെത്തിയത്. പുരാതന മായൻ സംസ്കാരത്തിൽ നിലനിന്നിരുന്ന ആചാരങ്ങളുടെ ഭാഗമാകാമിതെന്നാണ് കരുതപ്പെടുന്നത്. 1,200 ലേറെ വർഷങ്ങൾ പഴക്കം വരുന്ന 137 കൈപ്പത്തി അടയാളങ്ങളാണ് കണ്ടെത്തിയത്. കൂടുതലും കൊച്ചുകുട്ടികളുടെ കൈപ്പത്തികളാണ് പതിഞ്ഞിരിക്കുന്നത്. മെക്സിക്കോയിലെ യൂകാട്ടൻ ഉപദ്വീപിന്റെ വടക്കാണ് ഈ ഗുഹ കണ്ടെത്തിയത്. ഈജിപ്റ്റിലെ പിരമിഡുകൾക്ക് സമാനമായ മായൻ നിർമ്മിതിയായ ചിച്ചെൻ ഇറ്റ്സ അടക്കമുള്ള ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് യൂകാട്ടൻ ഉപദ്വീപ്. മായൻ വർഗ്ഗക്കാർ വിശുദ്ധമായി ആരാധിച്ചിരുന്ന വൃക്ഷങ്ങളാണ് ഇലവ്. ഒരു വലിയ ഇലവ് മരത്തിന്റെ താഴെ 33 അടി താഴ്ചയിലാണ് കൈപ്പത്തി അടയാളങ്ങൾ കണ്ടെത്തിയ ഗുഹ സ്ഥിതി ചെയ്യുന്നത്. എഡി 800നും 1000ത്തിനും ഇടയിൽ കൊത്തിവച്ചതെന്ന് കരുതുന്ന ഏതാനും രൂപങ്ങളും ഗുഹയ്ക്കുള്ളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |