കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ, ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ വൈകിട്ട് 6ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ദീപം തെളിക്കും.
75 വർഷം മുൻപ് ഒരു വാടക കടമുറിയിലായിരുന്നു ഗ്രന്ഥശാലയുടെ തുടക്കം. തെക്കൻ തിരുവിതാംകൂറിലെ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സാരഥികളിൽ പ്രമുഖനായിരുന്ന സി.എസ്. ഗോപാലപിള്ള ഇവിടെ ഒളിവിൽ പാർത്തിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിലും പ്രോത്സാഹനത്തിലും ഒരു സംഘം യുവാക്കൾ രൂപീകരിച്ചതാണ് ഗ്രന്ഥശാല. വൈദ്യകലാനിധി കെ.പി. കരുണാകരൻ വൈദ്യരായിരുന്നു പ്രഥമ പ്രസിഡന്റ്. കെ.സുലൈമാൻ സെക്രട്ടറിയും. ഇന്ന് 30000 ത്തിലേറെ പുസ്തകങ്ങളും ബഹുനില മന്ദിരവും ഓപ്പൺ എയർ ഓഡിറ്റോറിയവും ഗ്രന്ഥശാലയ്ക്കുണ്ട്. മന്ദിരത്തിനു ശിലാസ്ഥാപനം നടത്തിയത് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയാണ്. കെട്ടിടോദ്ഘാടനം നിർവ്വഹിച്ചത് ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസും. സരോദ് വാദകൻ ഉസ്താദ് അലി അക്ബർഖാൻ ഒരു ഗ്രാമസദസ്സിന് മുന്നിൽ ആദ്യമായി സരോദ്‌വാദനം നടത്തിയത് ഗ്രന്ഥശാലാ രജതജൂബിലി ആഘോഷ വേദിയിലായിരുന്നു.
പ്രവർത്തന മികവിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഏറ്റവും വലിയ പുരസ്‌കാരമായ ഇ.എം.എസ് അവാർഡ്, മികച്ച സാംസ്‌കാരിക പ്രവർത്തനത്തിനുള്ള സമാധാനം വി.പരമേശ്വരൻ അവാർഡ്, ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പ്രഥമ പുത്തൂർ സോമരാജൻ അവാർഡ് എന്നിവ ഗ്രന്ഥശാലയ്ക്ക് ലഭിച്ചു. 2018 മുതൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പുതുക്കിയ മാനദണ്ഡപ്രകാരമുള്ള ഗ്രഡേഷനിൽ എ പ്ലസ് പദവി നേടുന്ന നവോദയത്തിനായിരുന്നു, കൊല്ലം കോർപ്പറേഷൻ പരിധിയിൽ തുടർച്ചയായി എ പ്ലസ് നേടുന്ന ഗ്രന്ഥശാലയ്ക്കുള്ള കോർപ്പറേഷൻ പാരിതോഷികവും ഉപഹാരവും.
കായിക കലാസമിതി, വനിതാ വേദി, ബാലകലാവേദി, വയോജന വേദി എന്നിവയും ഗ്രന്ഥശാലയ്ക്ക് അനുബന്ധമായി പ്രവർത്തിക്കുന്നു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ കുട്ടികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം, വിശ്വചിത്രജാലക സമർപ്പണം എന്നിവ നടത്താനുള്ള ഒരുക്കത്തിലാണ് ഗ്രന്ഥശാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |