
നെടുമങ്ങാട്: വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവർ കീഴാറൂർ വില്ലേജിൽ ഒറ്റശേഖരമംഗലം വലിയവിളപ്പുറം അരുൾ ഭവനിൽ സി.അരുൾദാസ് (32) പൊലീസ് പിടിയിൽ. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളുടെ ഇടതു കൺപുരികത്ത് പരിക്കുണ്ട്. അപകടശേഷം ഇയാൾ ബസുകയറി കാട്ടാക്കടയിലെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്നലെ വലിയവിളപ്പുറത്ത് സുഹൃത്ത് ജിതിന്റെ വീട്ടിൽ നിന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എട്ടു വർഷമായി ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. ബസിലെ ജീവനക്കാരായ മറ്റു രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക മെഡിക്കൽ പരിശോധനയിൽ ഡ്രൈവർ ലഹരി ഉപയോഗിച്ചതായി സൂചനയില്ല. രക്ത സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ ശുപാർശയിൽ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതായി മോട്ടോർവാഹന വകുപ്പ് അധികൃതരും അറിയിച്ചു.സ്പീഡോമീറ്റർ പരിശോധനയിൽ അമിതവേഗത സ്ഥിരീകരിച്ചിട്ടുണ്ട്. ബസിന്റെ പെർമിറ്റും ഫിറ്റ്നെസും റദ്ദാക്കി.
തുടരന്വേഷണം ഊർജ്ജിതം
റോഡ് പണിയിലെ അശാസ്ത്രീയതയാണ് ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണമെന്ന ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ബസ് മറിഞ്ഞ പഴകുറ്റി - വെമ്പായം റോഡിൽ ഇരിഞ്ചയം എസ്.എൻ.ഡി.പി ഓഫീസിനു മുന്നിലെ വളവിലും പരിസരത്തും താമസിക്കുന്നവരുടെയും ബസ് യാത്രക്കാരുടെയും മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അടുത്തിടെ നവീകരിച്ച റോഡിൽ അപകടാവസ്ഥയില്ലെന്നും ഇത്തരമൊരു അപകടം ഇതാദ്യമാണെന്നും വിശദമാക്കി ഒരുവിഭാഗം നാട്ടുകാർ രംഗത്തെത്തി. അമിതവേഗത നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പും മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. അപകടത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് നേതൃത്വം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |