സാമ്പത്തിക രംഗത്തെ തളർച്ച വിനയാകുന്നു
കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ മുൻനിര കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നു. ബാങ്കുകൾ, എണ്ണക്കമ്പനികൾ, സിമന്റ്, സ്റ്റീൽ നിർമ്മാതാക്കൾ മുതൽ വ്യോമയാന കമ്പനികൾ വരെ ലാഭക്ഷമത നിലനിറുത്താനാകാതെ വലയുകയാണ്. വിലക്കയറ്റവും കാലാവസ്ഥാ വ്യതിയാനവും ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളും ഇന്ത്യൻ കമ്പനികളുടെ ലാഭത്തിൽ ഇടിവുണ്ടാക്കി.
പ്രമുഖ ഉരുക്ക് കമ്പനിയായ ജെ.എസ്.ഡബ്‌ള‌്യു സ്‌റ്റീലിന്റെ അറ്റാദായം ഇക്കാലയളവിൽ 70 ശതമാനം ഇടിഞ്ഞ് 719 കോടി രൂപയായി. മുൻവർഷം ഇക്കാലത്ത് അറ്റാദായം 2,450 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 1.3 ശതമാനം കുറഞ്ഞ് 41,378 കോടി രൂപയിലെത്തി. എഫ്.എം.സി.ജി മേഖലയിലെ പ്രമുഖരായ ഗോദ്‌റേജ് കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ അറ്റാദായം മൂന്നാം ത്രൈമാസത്തിൽ 14 ശതമാനം ഇടിവോടെ 498 കോടി രൂപയായി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 581.06 കോടി രൂപയായിരുന്നു.
രാജ്യത്തെ മുൻനിര സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക്ക് സിമന്റിന്റെ ലാഭം മൂന്നാം പാദത്തിൽ 17 ശതമാനം കുറഞ്ഞ് 1,470 കോടി രൂപയായി. ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോയുടെ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയിലെത്തി.
ഇൻഡിഗോ ലാഭത്തിലും ഇടിവ്
യാത്രക്കാരുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന നേടിയിട്ടും ലാഭത്തിൽ ഇടിവ് നേരിട്ട് പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയുടെ മാതൃ സ്ഥാപനമായ ഇന്റർഗ്ളോബൽ ഏവിയേഷൻ. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഇടിവോടെ 2,449 കോടി രൂപയിലെത്തി. ഇക്കാലയളവിൽ 273.25 ലക്ഷം യാത്രക്കാരുമായി വിപണി വിഹിതം 63.8 ശതമാനമായി ഇൻഡിഗോ ഉയർത്തിയിരുന്നു.
1. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നഗര, ഗ്രാമീണ മേഖലകളിൽ ഉപഭോഗം കുറയുന്നു
2. ഉയർന്ന പലിശ നിരക്കും അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും ഉത്പാദന ചെലവ് വർദ്ധിപ്പിക്കുന്നു
3. ആഗോള വിപണികളിലെ അനിശ്ചിതത്വം കയറ്റുമതി രംഗത്ത് തളർച്ച സൃഷ‌്ടിക്കുന്നു
4. ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവും കമ്പനികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു
അടിതെറ്റി ഓഹരികൾ
കൊച്ചി കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിലേക്ക് മൂക്കുകുത്തി ഇന്ത്യൻ ഓഹരി വിപണി. രണ്ട് ദിവസമായി നേട്ട പാതയിലായിരുന്ന സെൻസെക്സും നിഫ്റ്റിയും കനത്ത വില്പന സമ്മർദ്ദമാണ് ഇന്നലെ നേരിട്ടത്. സെൻസെക്സ് 329.92 പോയിന്റ് നഷ്ടവുമായി 76,190.46ൽ അവസാനിച്ചു. നിഫ്റ്റി 113.15 പോയിന്റ് ഇടിഞ്ഞ് 23,092.20ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും വിലത്തകർച്ച നേരിട്ടു. ഡോ. റെഡ്ഡീസ്, അദാനി എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബി.പി.സി.എൽ എന്നിവയുടെ ഓഹരികളാണ് കനത്ത വില്പന സമ്മർദ്ദത്തിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |