തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിലും ഇനി മുതൽ സന്ദീപ് വാര്യർ പങ്കെടുക്കും.
അഡ്വ. ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിൽ നീക്കം നടത്തിയെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. തിരൂരിൽ നിന്ന് നിലമ്പൂരിലേക്ക് മെട്രോ എന്ന ആവശ്യം അടുത്ത പതിറ്റാണ്ടിൽ പോലും നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സന്ദീപ് രംഗത്തെത്തിയത്. തിരൂർ എംഎൽഎ കുറുക്കോളി മൊയ‌്തീന്റെ ആവശ്യത്തെ നിയമസഭയിൽ മുഖ്യമന്ത്രി അവഹേളിക്കുകയാണ് ചെയ‌്തതെന്ന് സന്ദീപ് വിമർശിച്ചു.
കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിന്റെ ചെലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |