കോട്ടയം: കെവിൻ കേസിൽ കൃത്യം നടന്നതും വിധി വന്നതും 27ന് ..! 2018 മേയ് 27 നാണ് അക്രമി സംഘം കെവിനെ കൊലപ്പെടുത്തിയത്. വിധി വന്നതാവട്ടെ 2019 ആഗസ്റ്റ് 27നും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. വിധി പറയുന്നത് ആഗസ്റ്റ് 14 ലേയ്‌ക്ക് കോടതി ആദ്യം മാറ്റി . ആഗസ്റ്റ് 14 ന് കേസ് പരിഗണിച്ച കോടതി സംഭവം ദുരഭിമാന കൊലപാതകമാണെന്ന് ഉറപ്പിക്കുന്നതിനുള്ള വാദങ്ങളാണ് കേട്ടത്. തുടർന്ന് കേസ് 22 ന് പരിഗണിച്ചു. 22 ന് പത്ത് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി, നീനുവിന്റെ പിതാവ് ചാക്കോ അടക്കം അഞ്ചു പ്രതികളെ വെറുതെ വിട്ടു. തുടർന്ന് വിധി പറയുന്നതിനായി 24 ലേയ്‌ക്ക് മാറ്റി . 24 ന് അന്തിമ വാദം കേട്ട ശേഷം, ഇന്നലെ വിധി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാന കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയത് പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ്. ദൃക്സാക്ഷികളില്ലാത്ത കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. മാന്നാനം മുതൽ പുനലൂർ ചാലിയേക്കര വരെ പ്രതികൾ സഞ്ചരിച്ച വഴികളിലൂടെ തെളിവെടുപ്പ് യാത്ര നടത്തിയാണ് പൊലീസ് നിർണ്ണായകമായ തെളിവുകൾ ശേഖരിച്ചത്. കേസിൽ സാഹചര്യ തെളിവുകൾക്ക് പുറമെ 'ലാസ്റ്റ് സീൻ തിയറി' പ്രകാരമാണു കോടതി കൊലപാതകം സ്ഥീരീകരിച്ചത്.
പ്രതികൾ കോട്ടയം മാന്നാനത്തു നിന്നു കെവിനെ തട്ടിക്കൊണ്ടു പോയതിനും തെന്മല ചാലിയക്കരയിൽ എത്തിയതിനും തെളിവുണ്ട്. സാക്ഷി അനീഷ് അവസാനം കാണുമ്പോൾ കെവിൻ പ്രതികളുടെ കസ്റ്റഡിയിലാണ്. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലക്കേസിൽ അവസാനം ജീവനോടെ കാണുമ്പോൾ കൂടെയുള്ളവർ കൊല്ലപ്പെട്ടയാളുടെ മരണത്തിന് ഉത്തരവാദികളെന്ന ലാസ്റ്റ് സീൻ തിയറി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിധിന്യായം സ്ഥിരീകരിക്കുന്നു. അതേസമയം, വധശിക്ഷ ഒഴിവാക്കുന്നതിനും ഇതു കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |